നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ ഐഎസ്എല്ലില്‍ നിന്ന് കേരളാ ബ്ലാസ്റ്റേഴ്സ് പുറത്ത്
കോച്ച് ഇവാന്‍ വുകാമനോവിച്ച് ബ്ലാസ്‌റ്റേഴ്‌സ് താരങ്ങളോട് കളം വിടാന്‍ നിര്‍ദ്ദേശിച്ചു.
ബെംഗളൂരു: ഐഎസ്എല്‍ ആദ്യ പ്ലേ ഓഫില്‍ നിന്ന് കേരളാ ബ്ലാസ്റ്റേഴ്സ് പുറത്ത്. ബെംഗളൂരു എഫ് സി എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സിനെ പരാജയപ്പെടുത്തിയത്. എക്‌സ്ട്രാ ടൈമില്‍ സുനില്‍ ഛേത്രിയാണ് ആതിഥേയരുടെ ഗോള്‍ നേടിയത്. 96ാം മിനിറ്റില്‍ ലഭിച്ച ഫ്രീകിക്ക് അതിവേഗം ഛേത്രി വലയിലാക്കുകയായിരുന്നു.
എന്നാല്‍ ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ തയ്യാറാവുന്നതിന് മുമ്പേ ഛേത്രി ഫ്രീകിക്ക് എടുത്തെന്നാരോപിച്ച് ഗ്രൗണ്ടില്‍ നാടകീയ രംഗങ്ങള്‍ നടന്നു. കോച്ച് ഇവാന്‍ വുകാമനോവിച്ച് ബ്ലാസ്‌റ്റേഴ്‌സ് താരങ്ങളോട് കളം വിടാന്‍ നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് താരങ്ങള്‍ കളം വിട്ടു. ഏറെ നേരം കഴിഞ്ഞിട്ടും കേരളാ താരങ്ങള്‍ തിരിച്ചുവരാത്തതിനെ തുടര്‍ന്ന് ബെംഗളൂരുവിനെ വിജയികളായി പ്രഖ്യാപിച്ചു. ഇതോടെ ബ്ലാസ്‌റ്റേഴ്‌സിന്റെ സെമി മോഹങ്ങള്‍ അവസാനിച്ചു. വിജയത്തോടെ ബെംഗളൂരു സെമിയില്‍ കടന്നു.
നിശ്ചിത സമയത്ത് മല്‍സരം ഗോള്‍ രഹിത സമനിലയില്‍ അവസാനിക്കുകയായിരുന്നു. മുന്നേറ്റങ്ങളിലും ഗോള്‍ ശ്രമങ്ങളിലുമെല്ലാം ബ്ലാസ്റ്റേഴ്‌സ് ബെംഗളൂരുവിനേക്കാള്‍ ഒരുപടി മുകളിലായിരുന്നു. അതുകൊണ്ടു തന്നെ ബെംഗളൂരുവിന്റെ വിവാദ ഫ്രീകിക്ക് ബോള്‍ അവര്‍ക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു.