ഐഎസ്എല്‍; മികവിന്റെ കൊടുമുടിയില്‍ ബെംഗളൂരു; പക വീട്ടാനാവുമോ ബ്ലാസ്‌റ്റേഴ്‌സിന്

Update: 2024-10-25 06:29 GMT

കൊച്ചി; ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് കൊച്ചിയില്‍ ദക്ഷിണേന്ത്യന്‍ ഡെര്‍ബി. ചിരവൈരികളായ ബെംഗളൂരുവും കേരളാ ബ്ലാസ്റ്റേഴ്‌സും ഇന്ന് നേര്‍ക്ക് നേര്‍ വരുന്നു. സീസണില്‍ മികവിന്റെ കൊടുമുടിയിലുള്ള ബെംഗളൂരു പോയിന്റ് പട്ടികയില്‍ ഒന്നാമതാണ്. ബ്ലാസ്റ്റേഴ്‌സ് ആവട്ടെ ആറാം സ്ഥാനത്തും. ലീഗില്‍ ഒരു ഗോള്‍ പോലും വഴങ്ങാത്ത ഏക ടീമാണ് ബെംഗളൂരു. അവരെ വീഴ്ത്തണമെങ്കില്‍ ആയുധങ്ങളെല്ലാം പ്രയോഗിക്കേണ്ടി വരും.

2023 മാര്‍ച്ച് മൂന്നിനുള്ള ഐഎസ്എല്‍ പ്ലേ ഓഫിലെ മല്‍സരത്തിന് പക വീട്ടുക എന്ന ഉദ്ദേശം കൂടി കേരളാ ബ്ലാസ്റ്റേഴ്‌സിനുണ്ട്. കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ ഒരിക്കലും മറക്കാത്ത ദിനമായിരുന്നു അത്. വിവാദം തീ പടര്‍ത്തിയ ആ പ്ലേഓഫ് പോരിലെ തോല്‍വിക്കു പകരം വീട്ടാന്‍ ഇനിയും ആയിട്ടില്ല ബ്ലാസ്റ്റേഴ്‌സിന്. ഇന്നു രാത്രി 7.30നു കലൂര്‍ ജവാഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ ഇരുടീമുകളും ഏറ്റുമുട്ടുമ്പോള്‍ ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ പ്രതീക്ഷിക്കുന്നതു പക വീട്ടല്‍ മാത്രം. മത്സരം ജിയോ സിനിമ ആപ്പിലും സ്‌പോര്‍ട്‌സ് 18 ചാനലിലും തല്‍സമയമുണ്ട്.

ഈ പോരാട്ടം കോച്ചുമാരുടേതു കൂടിയാണ്. മികച്ച താരനിരയെ മികവോടെ കൂട്ടിയിണക്കുന്ന തന്ത്രജ്ഞനാണു ബെംഗളൂരുവിന്റെ സ്പാനിഷ് കോച്ച് ജെരാര്‍ദ് സരഗോസ. എതിരാളികളെ അറിഞ്ഞു തന്ത്രമൊരുക്കി വരുതിയിലാക്കുന്ന സൂത്രശാലി. സ്വന്തം കളിക്കാരെ എങ്ങനെ ഉപയോഗിക്കണമെന്നതില്‍ വ്യക്തതയുള്ള കോച്ച്. മറുവശത്ത്, സ്വീഡന്‍കാരന്‍ മികായേല്‍ സ്റ്റാറെ പിഴവുകളില്‍ നിന്നു പഠിക്കുന്ന ധൈര്യശാലിയായ കോച്ചാണ്. കൃത്യമായ സബ്സ്റ്റിറ്റിയൂഷനുകളും ടീം തിരഞ്ഞെടുപ്പുമാണ് അദ്ദേഹത്തിന്റെ പ്രത്യേകതകള്‍.

രാഹുല്‍ ഭെകെയും റോഷന്‍ സിങ്ങ് നവോറവും നയിക്കുന്ന ബെംഗളൂരു ഡിഫന്‍സ് കടുകട്ടി. ഒപ്പം ഗോള്‍ വലയ്ക്കു കീഴില്‍ ഗുര്‍പ്രീത് സന്ധുവിന്റെ 'ഏരിയല്‍' ഡൈവിങ് മികവും. ബെംഗളൂരുവിന്റെ സ്പാനിഷ് താരങ്ങളായ പെഡ്രോ കാപോയും ആല്‍ബെര്‍ട്ടോ നൊഗേരയും നയിക്കുന്ന മധ്യനിരയെ വെല്ലണമെങ്കില്‍ ബ്ലാസ്റ്റേഴ്‌സിനു കൂടുതല്‍ അധ്വാനം ആവശ്യമാകും. ക്യാപ്റ്റന്‍ അഡ്രിയന്‍ ലൂണ-ഹെസൂസ് ഹിമെനെ-നോവ സദൂയി ത്രയത്തിന്റെ മൂര്‍ച്ചയാണു ബ്ലാസ്റ്റേഴ്‌സിന്റെ കരുത്ത്.

കേരള ബ്ലാസ്റ്റേഴ്സും, ബെംഗളൂരു എഫ്സിയും നേര്‍ക്കുനേര്‍ പോരാട്ടങ്ങളുടെ കണക്കുകള്‍ ഏങ്ങനെയെന്ന് നോക്കാം. ഇരുടീമും മുഖാമുഖം വരുന്ന പതിനാറാമത്തെ മത്സരമാണിത്. ബെംഗളൂരു ഒന്‍പത് കളിയിലും കേരള ബ്ലാസ്റ്റേഴ്സ് നാല് കളിയിലും ജയിച്ചു. സമനിലയില്‍ പിരിഞ്ഞത് രണ്ടു കളിയില്‍ മാത്രം. ബെംഗളൂരു ആകെ ഇരുപത്തിനാല് ഗോള്‍നേടിയപ്പോള്‍ പതിനാറ് ഗോളാണ് കേരള ബ്ലാസ്റ്റേഴ്സ് ഇതുവരെ തിരിച്ചടിച്ചത്.





Tags:    

Similar News