ഐഎസ്എല്‍: കരണ്‍ജിത് സിങ് കേരള ബ്ലാസ്‌റ്റേഴ്‌സുമായുള്ള കരാര്‍ നീട്ടി ; 2023 വരെ ടീമിനൊപ്പം
പരിക്കേറ്റ അല്‍ബീനോ ഗോമെസിന് പകരമായിട്ടാണ് ക്ലബ്ബ് കഴിഞ്ഞ വര്‍ഷം കരണ്‍ജിതുമായി കരാര്‍ ഒപ്പിട്ടത്
കൊച്ചി:പരിചയ സമ്പന്നനായ ഗോള്‍ കീപ്പര്‍ കരണ്‍ജിത് സിങ്ങുമായുള്ള കരാര്‍ നീട്ടിയതായി കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി അടുത്ത വര്‍ഷംവരെയാണ് കരാര്‍ നീട്ടിയത്. പരിക്കേറ്റ അല്‍ബീനോ ഗോമെസിന് പകരമായിട്ടാണ് ക്ലബ്ബ് കഴിഞ്ഞ വര്‍ഷം കരണ്‍ജിതുമായി കരാര്‍ ഒപ്പിട്ടത്.പഞ്ചാബില്‍ ജനിച്ച കരണ്‍ജിത് പതിനഞ്ചാംവയസില്‍ ഫുട്‌ബോള്‍ കളിച്ചുതുടങ്ങി. 2004ല്‍ ജെസിടി എഫ്‌സിയില്‍ ചേര്‍ന്ന കരണ്‍ജിത് പിന്നീടുള്ള ആറ് സീസണുകളില്‍ ക്ലബിന്റെ ഭാഗമായിരുന്നു. 201011ല്‍ സാല്‍ഗോക്കറിലെത്തി. അരങ്ങേറ്റ സീസണില്‍തന്നെ ഐ ലീഗ് ചാംപ്യന്‍മാരുടെ ഭാഗമായി. പിന്നാലെ ചെന്നൈയിന്‍ എഫ്‌സിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2015 മുതല്‍ 2019വരെ കളിച്ചു. 2015ലും 201718ലും ഐഎസ്എല്‍ കിരീടംനേടി. അവസാന ഘട്ടമാകുമ്പോഴേക്കും ഗോള്‍ കീപ്പിങ് കോച്ച് ചുമതല കൂടി വഹിച്ചു.
2021ല്‍ ജനുവരിയിലെ താരകൈമാറ്റ ജാലകത്തിലൂടെയാണ് കരണ്‍ജിത് ബ്ലാസ്‌റ്റേഴ്‌സില്‍ ചേരുന്നത്.17 തവണ ഇന്ത്യന്‍ ദേശീയ ടീമിന്റെ ഭാഗമായി. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ 49 മത്സരങ്ങളുടെ അനുഭവ സമ്പത്തുള്ള കരണ്‍ജിത് 118 സേവുകള്‍ നടത്തി. 13 കളിയില്‍ ഗോള്‍ വഴങ്ങിയില്ലെന്ന റെക്കോര്‍ഡുമുണ്ട്.കേരള ബ്ലാസ്‌റ്റേഴ്‌സിനൊപ്പം തുടരുന്നതില്‍ സന്തോഷമുണ്ടെന്നും തന്റെ അനുഭവ സമ്പത്തിലൂടെ നേടിയ അറിവുകള്‍ എന്റെ സഹകളിക്കാര്‍ക്ക് പകര്‍ന്നുനല്‍കാന്‍ കഴിയുമെന്ന് താന്‍ പ്രത്യാശിക്കുന്നുവെന്നും കരണ്‍ജിത് പറഞ്ഞു.
കളത്തില്‍ ഇറങ്ങാനും ടീമിനെ ഈ വര്‍ഷം കപ്പ് നേടാന്‍ സഹായിക്കാനും കാത്തിരിക്കുന്നുവെന്നും കരണ്‍ജിത് പറയുന്നു.ഐഎസ്എലില്‍ മല്‍സരിക്കുന്ന കളിക്കാരിലെ റെക്കോഡുകാരനാണ് കരണ്‍ജിത്. അദ്ദേഹത്തിന്റെ പ്രൊഫഷണലിസവും കളിയോടുള്ള മനോഭാവവുമാണ് എന്തുകൊണ്ട് ഇത്രയും നീണ്ട കരിയര്‍ വിജയകരമാക്കി എന്നതിന് കാരണം. യുവതലമുറയ്ക്ക് മികച്ച മാതൃകയാണ് അദ്ദേഹം. അതുകൊണ്ടാണ് ഇത്രയും പ്രൊഫഷണല്‍ മികവുള്ള കളിക്കാരെ തങ്ങളുടെ ടീമിന് ആവശ്യമാകുന്നത് കെബിഎഫ്‌സി സ്‌പോര്‍ടിങ് ഡയറക്ടര്‍ കരോളിസ് സ്‌കിന്‍കിസ് പറഞ്ഞു.മുന്‍പ് ബിജോയ് വര്‍ഗീസ്, ജീക്‌സ്ണ്‍ സിങ്, മാര്‍കോ ലെസ്‌കോവിച്ച്, പ്രഭ്‌സുഖന്‍ ഗില്‍ എന്നിവരുടെ കരാര്‍ നീട്ടിയതായി കെബിഎഫ്‌സി പ്രഖ്യാപിച്ചിരുന്നു.