ഐഎസ്എല്‍: കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി ഹോം മല്‍സരങ്ങള്‍ക്കുള്ള ടിക്കറ്റ് വില്‍പ്പന പ്രഖ്യാപിച്ചു
ഒക്‌ടോബര്‍ 7ന് ഈസ്റ്റ് ബംഗാളിനെതിരെയാണ് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ കളി. രണ്ടുവര്‍ഷത്തിനുശേഷമാണ് ബ്ലാസ്‌റ്റേഴ്‌സ് സ്വന്തം കാണികള്‍ക്ക് മുന്നില്‍ എത്തുന്നത്
കൊച്ചി: ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ ഒമ്പതാം സീസണിന്റെ ആദ്യ മല്‍സരത്തിനുള്ള ടിക്കറ്റ് വില്‍പ്പന ആരംഭിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി. ഒക്‌ടോബര്‍ 7ന് ഈസ്റ്റ് ബംഗാളിനെതിരെയാണ് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ കളി. രണ്ടുവര്‍ഷത്തിനുശേഷമാണ് ബ്ലാസ്‌റ്റേഴ്‌സ് സ്വന്തം കാണികള്‍ക്ക് മുന്നില്‍ എത്തുന്നത്. കോവിഡ് വ്യാപനം കാരണം കഴിഞ്ഞ സീസണുകളില്‍ കൊച്ചിയില്‍ മല്‍സരമുണ്ടായിരുന്നില്ല.
പേടിഎമ്മിന്റെയും, പേടിഎം ഇന്‍സൈഡൈറുടെയും ഉടമകളായ ഇന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റല്‍ പണമിടപാട് കമ്പനിയായ വണ്‍97 കമ്യൂണിക്കേഷന്‍സ് ലിമിറ്റഡാണ് ഇത്തവണയും കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഔദ്യോഗിക ടിക്കറ്റ് പാര്‍ട്ണര്‍മാര്‍. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടക്കുന്ന ആദ്യം ഹോം മത്സരത്തിന്റെ ടിക്കറ്റുകള്‍ ആരാധകര്‍ക്ക് ഇപ്പോള്‍ മുതല്‍ സ്വന്തമാക്കാം. 'പേടിഎമ്മിലും', Insider.in വെബ്‌സൈറ്റ് വഴിയും മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും ടിക്കറ്റ് വാങ്ങാം. 299 രൂപയ്ക്കാണ് ഗ്യാലറി ടിക്കറ്റ് ആരംഭിക്കുന്നത്. വിഐപി ടിക്കറ്റിന് 1999 രൂപയുമുണ്ട്.നോര്‍ത്ത് ഗ്യാലറി- 299 രൂപ,സൗത്ത് ഗ്യാലറി ,299 രൂപ,ഈസ്റ്റ് ഗ്യാലറി-399 രൂപ,വെസ്റ്റ് ഗ്യാലറി-399 രൂപ,ബ്ലോക്ക് ബി,499 രൂപ,ബ്ലോക്ക് ഡി,499 രൂപ,ബ്ലോക്ക് എ-899 രൂപ,ബ്ലോക്ക് സി-899 രൂപ,ബ്ലോക്ക് ഇ-899 രൂപ,വിഐപി,1999 രൂപ
ഓണ്‍ലൈന്‍ ടിക്കറ്റ് ലിങ്ക്‌സ്-Insider.in: https://insider.in/hero-indian-super-league-2022-23-kerala-blasters-fc-vs-east-bengal/event
രണ്ടുവര്‍ഷത്തിനുശേഷം കേരള ബ്ലാസ്‌റ്റേഴ്‌സ് ഹോംഗ്രൗണ്ടിലേക്ക് തിരിച്ചെത്തുന്നു. ഈ ക്ലബ്ബിന്റെ ആത്മാവ് ആരാധകരാണ്. മഞ്ഞപ്പടയുടെ മുന്നില്‍ വീണ്ടും കളിക്കുക എന്നത് വളരെ ആവേശത്തോടെ കാത്തിരിക്കുകയാണെന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി ഡയറക്ടര്‍ നിഖില്‍ ഭരദ്വാജ് പറഞ്ഞു.
ആരാധകര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍
നീണ്ട ഇടവേളക്കുശേഷം സ്‌റ്റേഡിയത്തില്‍ തിരിച്ചെത്തുന്ന ആരാധകര്‍ക്കായി മികച്ച സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. സീസണ്‍ 5നെയും 6നെയും പോലെ ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ പേപ്പര്‍രഹിത ടിക്കറ്റുകളാണ് ഇത്തവണയും. ആരാധകള്‍ ഓണ്‍ലൈന്‍ ടിക്കറ്റ് പേപ്പറിലേക്ക് മാറ്റാന്‍ നീണ്ട ക്യൂ നിന്ന് സമയം കളയേണ്ടതില്ല. ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്താല്‍ ഉടന്‍ സ്വന്തമാക്കിയ ആളുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലും ഇ മെയ്‌ലിലും ഇ-ടിക്കറ്റ് എത്തും. സ്‌റ്റേഡിയത്തിന് പുറത്ത് സ്ഥാപിച്ച ക്യൂആര്‍ കോഡിലൂടെ ഇ-ടിക്കറ്റ് സ്‌കാന്‍ ചെയ്ത് പ്രിയപ്പെട്ട താരങ്ങളുടെ കളി കാണാം. സുരക്ഷാ കാരണങ്ങളാല്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ അവരുടെ അംഗീകൃത ഐഡി കാര്‍ഡുകള്‍ കൊണ്ടുവരേണ്ടതാണ്. കൂടാതെ സ്‌റ്റേഡിയത്തില്‍ കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കുമായി പ്രത്യേകം സ്‌റ്റേഷനുകളും ഒരുക്കും. വസ്ത്രം മാറാനും കുട്ടികള്‍ക്ക് കളിക്കാനുമെല്ലാം ഈ സ്ഥലം ഉപയോഗിക്കാം. കുരുന്നുകളുമായി കളി കാണാന്‍ എത്തുന്നവര്‍ക്ക് പ്രയോജനപ്പെടുത്താനാണ് ഈ സംവിധാനമെന്നും ക്ലബ്ബ് അധികൃതര്‍ പറഞ്ഞു