ജറുസലേമില്‍ കളിക്കാന്‍ പറ്റില്ലെന്ന് ബാഴ്‌സലോണ; സൗഹൃദ മത്സരത്തില്‍ നിന്ന് ഇസ്രായേല്‍ ക്ലബ് പിന്മാറി

ലാ ലിഗ ആരംഭിക്കുന്നതിനു മുന്നോടിയായുള്ള പ്രീസീസണ്‍ ടൂറിന്റെ ഭാഗമായാണ് സഹൃദ മത്സരം സംഘടിപ്പിച്ചിരുന്നത്.

Update: 2021-07-16 13:23 GMT

തെല്‍അവീവ്: അധിനിവിഷ്ട നഗരമായ ജറുസലേമില്‍ കളിക്കാന്‍ തയ്യാറല്ലെന്ന് സ്പാനിഷ് ക്ലബായ ബാഴ്‌സലോണ നിലപാട് എടുത്തതോടെ ഇസ്രയേല്‍ ക്ലബായ ബെയ്താര്‍ ജറൂസലേം സൗഹൃദ മത്സരത്തില്‍ നിന്ന് പിന്മാറി. ലാ ലിഗ ആരംഭിക്കുന്നതിനു മുന്നോടിയായുള്ള പ്രീസീസണ്‍ ടൂറിന്റെ ഭാഗമായാണ് സഹൃദ മത്സരം സംഘടിപ്പിച്ചിരുന്നത്.

ഇതിനെതിരേ ഫലസ്തീനികളില്‍നിന്ന് ശക്തമായ എതിര്‍പ്പാണ് ഉണ്ടായത്. ഇതിനുപിന്നാലെയാണ് ജറുസലേമിലെ കളിയില്‍നിന്ന് ബാഴ്‌സലോണ പിന്നാക്കം പോയത്. തര്‍ക്കഭൂമിയായി നിലനില്‍ക്കുന്ന ജറുസലേമില്‍ കളിക്കാന്‍ കഴിയില്ലെന്ന് ബാഴ്‌സലോണ മാനേജ്‌മെന്റ് തീരുമാനിച്ചതോടെ മത്സരത്തില്‍ നിന്നു പിന്മാറുകയാണെന്ന് ബെയ്താര്‍ ക്ലബ് ഉടമ മോഷെ ഹോഗെഗ് അറിയിക്കുകയായിരുന്നു. ഓഗസ്റ്റ് നാലിനായിരുന്നു മത്സരം നിശ്ചയിച്ചിരുന്നത്.

താനൊരു അഭിമാനിയായ ജൂതനും ഇസ്രായേലിയുമാണെന്നും ജറൂസലേം ഇസ്രായേലിന്റെ തലസ്ഥാനമാണെന്നും നഗരത്തെ ചതിക്കാനാകില്ലെന്നം പറഞ്ഞാണ് പിന്മാറ്റ വിവരം സോഷ്യല്‍ മീഡിയയിലൂടെ ഇസ്രയേല്‍ ക്ലബ് ഉടമ അറിയിച്ചത്.

ബെയ്താറുമായി സൗഹൃദ മത്സരം കളിക്കാനുള്ള ബാഴ്‌സലോണയുടെ തീരുമാനത്തിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നത്.പലസ്തീന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ബാഴ്‌സലോണയ്ക്ക് ഔദ്യോഗികമായി കത്തെഴുതുകയും ചെയ്തു. ഇസ്രായേല്‍ പാര്‍ലമെന്റ് അംഗമായ സാമി അബൂ ഷെഹാദയടക്കമുള്ള പ്രമുഖ വ്യക്തിത്വങ്ങളും ക്ലബിനോട് മത്സരത്തില്‍നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടിരുന്നു.

അന്താരാഷ്ട്ര നിയമമനുസരിച്ച്, ജറുസലേം ഒരു വിഭജിത നഗരമാണ്, അതിന്റെ കിഴക്കന്‍ ഭാഗം അധിനിവേശ ഫലസ്തീന്‍ ഭൂമിയായി കണക്കാക്കപ്പെടുന്നു. ഇത് ഈ ഭാഗത്ത് നടക്കുന്ന ഏതെങ്കിലും ഫുട്‌ബോള്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഫലസ്തീന്‍ ഫുട്‌ബോള്‍ അസോസിയേഷനാണ് അധികാരമെന്ന് ഫലസ്തീന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ചെയര്‍മാന്‍ ജിബ്രില്‍ റജൂബ് പറഞ്ഞു.

ഇതാദ്യമായല്ല ജറുസലേമില്‍ കളിക്കുന്നതില്‍ നിന്ന് മുന്‍നിര ടീം പിന്മാറുന്നത്. 2018ല്‍ ഇസ്രായേലിനെതിരേ നിശ്ചയിച്ച ലോകകപ്പ് മുന്നൊരുക്ക മത്സരം ജറുസലേമില്‍ കളിക്കാന്‍ അര്‍ജന്റീന ദേശീയ ടീമും വിസമ്മതിച്ചിരുന്നു. ലയണല്‍ മെസിയും അര്‍ജന്റീന താരങ്ങളും ഭീകരവാദത്തിന് വഴങ്ങുകയാണെന്നാണ് അന്ന് ഇതിനോട് ഇസ്രായേല്‍ അധികൃതര്‍ പ്രതികരിച്ചത്.

Tags:    

Similar News