മെസ്സി ഇനി ഇന്റര്‍മിയാമി താരം
ചൊവ്വാഴ്ച തന്നെ മെസ്സി ആദ്യ പരിശീലന സെഷനില്‍ പങ്കെടുത്തേക്കും.
ലോസ്ആഞ്ചലസ്: അര്‍ജന്റീന ക്യാപ്റ്റനും ഇതിഹാസ താരവുമായ ലയണല്‍ മെസ്സി ഇന്റര്‍ മിയാമിയില്‍ ഔദ്യോഗികമായി ചേര്‍ന്നു. തങ്ങളുടെ സോഷ്യല്‍ മീഡിയയിലൂടെയും ഔദ്യോഗിക പ്രസ്താവനയിലൂടെയും ക്ലബ്ബ് തന്നെയാണ് ഈ വാര്‍ത്ത അറിയിച്ചത്. താരം ക്ലബ്ബുമായി 2025വരെയുള്ള കരാറില്‍ ഒപ്പുവച്ചു. ആഴ്ചകള്‍ക്ക് മുമ്പ് ഇന്റര്‍ മിയാമിയില്‍ ചേരാനുള്ള തന്റെ ആഗ്രഹം പ്രഖ്യാപിച്ചതിന് ശേഷം, ജൂലൈ 15ന് മെസ്സിയുടെ കരാര്‍ ക്ലബ് ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. ഇന്ന് രാത്രി ഫോര്‍ട്ട് ലോഡര്‍ഡെയ്ലിലെ അവരുടെ സ്റ്റേഡിയത്തില്‍ ടീം അദ്ദേഹത്തെ ആരാധകര്‍ക്ക് മുന്‍പില്‍ അവതരിപ്പിക്കും. അദ്ദേഹത്തിന്റെ ആദ്യ ഹോം മത്സരം അടുത്ത വെള്ളിയാഴ്ച ലീഗ് കപ്പ് മത്സരത്തില്‍ ക്രൂസ് അസുലിനെതിരായിരിക്കും എന്നാണ് സൂചന. ജൂലായ് 17 തിങ്കളാഴ്ച ഒരു ഔപചാരിക വാര്‍ത്താ സമ്മേളനം തീരുമാനിച്ചതായി വാര്‍ത്താ ഏജന്‍സി എപി റിപ്പോര്‍ട്ട് ചെയ്തു. ചൊവ്വാഴ്ച തന്നെ മെസ്സി ആദ്യ പരിശീലന സെഷനില്‍ പങ്കെടുത്തേക്കും. മെസ്സിയുടെ കരാര്‍ രണ്ടര സീസണുകളിലായിരിക്കുമെന്നും അദ്ദേഹത്തിന് 50 മില്യണ്‍ മുതല്‍ 60 മില്യണ്‍ ഡോളര്‍ വരെ വാര്‍ഷിക ശമ്പളം ലഭിക്കുമെന്നും ഇന്റര്‍ മിയാമി നേരത്തെ പ്രഖ്യാപിച്ചിരുന്നു.