ചാംപ്യന്‍സ് ലീഗില്‍ ചെല്‍സിക്ക് ഇന്ന് യുവന്റസ് കടമ്പ; ബാഴ്‌സയ്ക്ക് ബെന്‍ഫിക്ക
ആദ്യമല്‍സരത്തില്‍ ബയേണ്‍ മ്യുണിക്കിനോട് എതിരില്ലാത്ത മൂന്ന് ഗോളിന്റെ തോല്‍വിയാണ് ബാഴ്‌സ നേരിട്ടത്.
റോം: ചാംപ്യന്‍സ് ലീഗില്‍ ഇന്ന് അര്‍ദ്ധരാത്രി നടക്കുന്ന സൂപ്പര്‍ പോരാട്ടങ്ങളില്‍ ചെല്‍സി യുവന്റസിനെയും ബാഴ്‌സലോണ ബെന്‍ഫിക്കയെയും നേരിടും. ഗ്രൂപ്പ് എച്ചില്‍ നടക്കുന്ന പോരാട്ടം യുവന്റസിന്റെ ഹോം ഗ്രൗണ്ടിലാണ്. ആദ്യമല്‍സരത്തില്‍ ചെല്‍സി മാല്‍മോ എഫ്‌സിയെ 2-1 പരാജയപ്പെടുത്തിയിരുന്നു. യുവന്റസ് ആവട്ടെ സെനിറ്റ് സെന്റ് പീറ്റേഴ്‌സ്ബര്‍ഗിനെയും പരാജയപ്പെടുത്തിയിരുന്നു. സീരി എയില്‍ യുവന്റസ് ഫോമിലേക്കുയര്‍ന്നിട്ടുണ്ട്. എന്നാല്‍ പരിക്കിനെ തുടര്‍ന്ന് ഡിബാലയും മൊറാട്ടയും ടീമിനൊപ്പം അണിനിരക്കില്ല. എന്‍ഗോള കാന്റേയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത് ചെല്‍സിക്ക് കനത്ത തിരിച്ചടിയാണ്. കൂടാതെ പരിക്കിനെ തുടര്‍ന്ന് റീംസ് ജെയിംസും ടീമിനൊപ്പം ചേരില്ല. പ്രീമിയര്‍ ലീഗിലെ ചെല്‍സിയുടെ അപരാജിത കുതിപ്പിന് മാഞ്ചസ്റ്റര്‍ സിറ്റി കഴിഞ്ഞ ദിവസം കടിഞ്ഞാണ്‍ ഇട്ടിരുന്നു.ഇതിന് ശേഷമുള്ള ചെല്‍സിയുടെ ആദ്യമല്‍സരമാണ്.
ഗ്രൂപ്പ് ഇയില്‍ നടക്കുന്ന മല്‍സരത്തില്‍ ബാഴ്‌സലോണ പോര്‍ച്ചുഗല്‍ ക്ലബ്ബ് ബെന്‍ഫിക്കയെ നേരിടും. ആദ്യമല്‍സരത്തില്‍ ബയേണ്‍ മ്യുണിക്കിനോട് എതിരില്ലാത്ത മൂന്ന് ഗോളിന്റെ തോല്‍വിയാണ് ബാഴ്‌സ നേരിട്ടത്. ബെന്‍ഫിക്കയെ വീഴ്ത്തി വിജയപാതയില്‍ തിരിച്ചെത്താനാണ് ബാഴ്‌സയുടെ ഇന്നത്തെ പോരാട്ടം.രാത്രി 12.30നാണ് മല്‍സരം.