യൂറോ കപ്പില്‍ ഡി ബ്രൂണി മികവില്‍ ബെല്‍ജിയം പ്രീക്വാര്‍ട്ടറില്‍

54ാം മിനിറ്റില്‍ ഡിബ്രൂണിയുടെ പാസ്സില്‍ നിന്നും തോര്‍ഗന്‍ ഹസാര്‍ഡിന്റെ വകയായിരുന്നു ബെല്‍ജിയത്തിന്റെ ആദ്യ ഗോള്‍.

Update: 2021-06-17 18:42 GMT


കോപ്പന്‍ഹേഗ്: യൂറോ കപ്പില്‍ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം ഡെന്‍മാര്‍ക്കിനെതിരേ വന്‍ തിരിച്ചുവരവ് നടത്തി ബെല്‍ജിയം.ഗ്രൂപ്പ് ബിയില്‍ നടന്ന മല്‍സരത്തില്‍ ഡെന്‍മാര്‍ക്കിനെ 2-1ന് തകര്‍ത്താണ് ലോക ഒന്നാം നമ്പര്‍ ടീം പ്രീക്വാര്‍ട്ടറിലേക്ക് പ്രവേശിച്ചത്. രണ്ടാം മിനിറ്റിലാണ് ഡെന്‍മാര്‍ക്ക് ബെല്‍ജിയത്തെ ഞെട്ടിച്ചുകൊണ്ട് ലീഡെടുത്തത്. പൗള്‍സെന്നിലൂടെയായിരുന്നു അവരുടെ ഗോള്‍. തുടര്‍ന്ന് ബെല്‍ജിയം നിരയുടെ വേഗത നഷ്ടപ്പെട്ടിരുന്നു. അവരുടെ ലക്ഷ്യങ്ങളും പിഴച്ചു. ഡെന്‍മാര്‍ക്കാവട്ടെ വേഗതയാര്‍ന്ന ഫുട്‌ബോള്‍ കാഴ്ചവച്ചു.


എന്നാല്‍ രണ്ടാം പകുതിയില്‍ പരിക്കില്‍ നിന്നും മുക്തനായ മാഞ്ച്‌സറ്റര്‍ സിറ്റിയുടെ കെവിന്‍ ഡി ബ്രൂണിയെ ബെല്‍ജിയം കളത്തില്‍ ഇറക്കി. ഇതോടെ കളിയുടെ ഗതി മാറുകയായിരുന്നു. തുടര്‍ന്ന് നിരവധി അവസരങ്ങളാണ് ബ്രൂണി സൃഷ്ടിച്ചത്. 54ാം മിനിറ്റില്‍ ഡിബ്രൂണിയുടെ പാസ്സില്‍ നിന്നും തോര്‍ഗന്‍ ഹസാര്‍ഡിന്റെ വകയായിരുന്നു ബെല്‍ജിയത്തിന്റെ ആദ്യ ഗോള്‍. നിമിഷങ്ങള്‍ക്ക് ശേഷം തോര്‍ഗന്റെ മൂത്ത സഹോദരനും റയല്‍ താരവുമായ ഈഡന്‍ ഹസാര്‍ഡിനെയും ബെല്‍ജിയം ഇറക്കി. തുടര്‍ന്ന് ബെല്‍ജിയം ആധിപത്യമായിരുന്നു.


70ാം മിനിറ്റില്‍ ഈഡന്‍ ഹസാര്‍ഡിന്റെ പാസ്സില്‍ നിന്നും ഡി ബ്രൂണിയുടെ ഉഗ്രന്‍ ഗോള്‍. ലൂക്കാക്കു,തോര്‍ഗന്‍ ഹസാര്‍ഡ്, ഈഡന്‍ ഹസാര്‍ഡ് എന്നിവരില്‍ നിന്നും പാസ് ചെയ്ത ബോള്‍ തകര്‍പ്പന്‍ ടച്ചിലൂടെ ബ്രൂണി വലയിലാക്കുകയായിരുന്നു. ഇതോടെ അവര്‍ മല്‍സരത്തില്‍ ലീഡും ജയവും കരസ്ഥമാക്കുകയായിരുന്നു. അവസാന നിമിഷങ്ങളിലും ഡെന്‍മാര്‍ക്ക് നിര പൊരുതിയെങ്കിലും ബെല്‍ജിയത്തിന് മുന്നില്‍ തോല്‍വി വഴങ്ങുകയായിരുന്നു. രണ്ട് മല്‍സരങ്ങളിലും തോറ്റ ഡെന്‍മാര്‍ക്കിന്റെ അടുത്ത മല്‍സരം റഷ്യക്കെതിരേയാണ്. ഫിന്‍ലാന്റിനെതിരായ മല്‍സരത്തില്‍ കുഴഞ്ഞു വീണ് ആശുപത്രിയിലൂള്ള ഡെന്‍മാര്‍ക്ക് താരത്തിന് ഇന്ന് കാണികളും കളിക്കാരും ആദരം അര്‍പ്പിച്ചിരുന്നു.


ഗ്രൂപ്പ് സിയില്‍ നടന്ന മല്‍സരത്തില്‍ ഉക്രെയ്ന്‍ 2-1ന് മാസിഡോണിയയെ തോല്‍പ്പിച്ചു. ഉക്രെയ്‌ന്റെ ആദ്യ ജയമാണ്. മാസിഡോണിയ കഴിഞ്ഞ മല്‍സരത്തിലും തോറ്റിരുന്നു.




Tags:    

Similar News