കെപിഎല്‍: ആദ്യജയം കുറിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി; ഗോള്‍ഡന്‍ ത്രെഡ്‌സ് എഫ്‌സി- 0, കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി- 1

Update: 2021-04-04 17:07 GMT

കൊച്ചി: കേരള പ്രീമിയര്‍ ലീഗില്‍ ആദ്യജയം സ്വന്തമാക്കി കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി. എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ നടന്ന ബി ഗ്രൂപ്പ് മല്‍സരത്തില്‍ ഗോള്‍ഡന്‍ ത്രെഡ്‌സ് എഫ്‌സിയെ ഏകപക്ഷീയായ ഒരു ഗോളിനാണ് നിലവിലെ ചാംപ്യന്‍മാര്‍ തോല്‍പ്പിച്ചത്. രണ്ടാം പകുതിയുടെ 55ാം മിനുറ്റില്‍ പെനാല്‍റ്റിയിലൂടെ നിഹാല്‍ സുധീഷാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയഗോള്‍ നേടിയത്.

മൂന്ന് മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കിയ ബ്ലാസ്‌റ്റേഴ്‌സ് ഒരോ വീതം ജയവും തോല്‍വിയും സമനിലയുമായി പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് കുതിച്ചു. പ്രാഥമിക റൗണ്ടില്‍ ഇനി രണ്ടുമല്‍സരങ്ങള്‍ കൂടി ടീമിന് അവശേഷിക്കുന്നുണ്ട്. ബ്ലാസ്‌റ്റേഴ്‌സിനായി ബാറിന് കീഴില്‍ മികച്ച പ്രകടനം നടത്തിയ സച്ചിന്‍ സുരേഷാണ് കളിയിലെ താരം.

കഴിഞ്ഞ മല്‍സരത്തില്‍നിന്ന് മൂന്ന് മാറ്റങ്ങളുമായാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍ഡന്‍ ത്രെഡ്‌സിനെതിരെ ഇറങ്ങിയത്. സലാഹുദ്ദീന്‍ അദ്‌നാന്‍, റോഷന്‍ ജിജി, പ്രഫുല്‍ കുമാര്‍ എന്നിവര്‍ക്ക് പകരം സുജിത് വി ആര്‍, ദീപ് സാഹ, അമല്‍ ജേക്കബ് എന്നിവര്‍ ആദ്യ ഇലവനില്‍ സ്ഥാനം പിടിച്ചു. സച്ചിന്‍ സുരേഷ്, വി ബിജോയ്, ടി ഷഹജാസ്, യൊഹെംബ മീട്ടെയ്, ഒ എം ആസിഫ്, സുരാഗ് ഛേത്രി, നിഹാല്‍ സുധീഷ്, വി എസ് ശ്രീക്കുട്ടന്‍ എന്നിവരായിരുന്നു മറ്റു താരങ്ങള്‍. 433 ക്രമത്തിലാണ് കോച്ച് ടി ജി പുരുഷോത്തമന്‍ ടീമിനെ വിന്യസിച്ചത്. ഒരുമാറ്റം മാത്രമാണ് ഗോള്‍ഡന്‍ ത്രെഡ്‌സ് വരുത്തിയത്.

ആദ്യമിനിറ്റില്‍തന്നെ വി എസ് ശ്രീക്കുട്ടനിലൂടെ ബ്ലാസ്‌റ്റേഴ്‌സ് ഗോളിന് ശ്രമിച്ചു. വലതുവിങിലൂടെയുള്ള മുന്നേറ്റത്തിനൊടുവിലെ ഷോട്ട്, ബാറില്‍ നിന്ന് ഏറെ അകന്നുപോയി. ദീപ് സാഹയുടെ ഒരു മികച്ച നീക്കമായിരുന്നു പിന്നീട്. ഇടതുവിങ്ങില്‍നിന്ന് പന്ത് സ്വീകരിച്ച ദീപ് സാഹ ബോക്‌സിന് തൊട്ടുപുറത്ത് സമാന്തരമായി നീങ്ങിയ ശേഷം ശക്തമായൊരു ഷോട്ടിന് ശ്രമിച്ചു, ലക്ഷ്യം കണ്ടില്ല. 23ാം മിനിറ്റില്‍ ഫ്രിക്കിക്കില്‍നിന്നുള്ള ദീപ് സാഹയുടെ മറ്റൊരു ഷോട്ട് ഗോള്‍ഡന്‍ ത്രെഡ്‌സ് ഗോളി മുഹമ്മദ് ഫായിസ് കോര്‍ണറിന് വഴങ്ങി കുത്തിയകറ്റി. ഗോള്‍ഡന്‍ ത്രെഡ്‌സും ബ്ലാസ്‌റ്റേഴ്‌സ് ബോക്‌സില്‍ നിരന്തരം സമ്മര്‍ദം ചെലുത്തി.

39ാം മിനുറ്റില്‍ ബിബിന്‍ അജയന്റെ മനോഹരമായൊരു നീക്കം സച്ചിന്‍ സുരേഷിന്റെ കൈകളില്‍ അവസാനിച്ചു. തൊട്ടടുത്ത മിനുറ്റില്‍ ഗോള്‍ഡന്‍ ത്രെഡ്‌സിന്റെ ഒരു മുന്നേറ്റം ബോക്‌സിന് പുറത്ത് വി ബിജോയ് പ്രതിരോധിച്ചു. ബ്ലാസ്‌റ്റേഴ്‌സിന്റെ രണ്ടുമുന്നേറ്റങ്ങള്‍ ഗോള്‍ഡന്‍ ത്രെഡ്‌സും വിഫലമാക്കി.

കളി പൂര്‍ണമായും ബ്ലാസ്‌റ്റേഴ്‌സ് നിയന്ത്രണത്തിലാക്കിയതോടെ ഗോള്‍ഡന്‍ ത്രെഡ്‌സ് സമ്മര്‍ദത്തിലായി. 43ാം മിനുറ്റില്‍ ഒ എം ആസിഫിനെ വീഴ്ത്തിയതിന് ഗോള്‍ഡന്റെ ജോസഫ് ടെറ്റെ രണ്ടാം മഞ്ഞക്കാര്‍ഡും ചുവപ്പ്കാര്‍ഡും കണ്ട് പുറത്തായി. പത്തുപേരുമായി ചുരുങ്ങിയ ഗോള്‍ഡനെതിരെ രണ്ടാം പകുതിയില്‍ ബ്ലാസ്‌റ്റേഴ്‌സ് ആക്രമണം കനപ്പിച്ചു. 55ാം മിനുറ്റില്‍ നിഹാല്‍ സുധീഷിനെ വീഴ്ത്തിയതിന് ബ്ലാസ്‌റ്റേഴ്‌സിന് അനുകൂലമായ പെനാല്‍റ്റി. കിക്കെടുത്തത് നിഹാല്‍ തന്നെ. തകര്‍പ്പന്‍ ഷോട്ടിലൂടെ താരം പന്ത് വലയിലെത്തിച്ചു.

പ്രതിരോധത്തിലായ ഗോള്‍ഡന്‍ ത്രെഡ്‌സിനെതിരെ ബ്ലാസ്റ്റേഴ്‌സ് മധ്യനിര തുടരെ അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഗോള്‍ഡന്‍ ഗോളിയും ഫിനിഷിങ്ങിലെ അഭാവവും തിരിച്ചടിയായി. മറുഭാഗത്ത് ഗോള്‍ഡന്‍ ത്രെഡ്‌സ് ഉയര്‍ത്തിയ മികച്ച രണ്ടുനീക്കങ്ങള്‍ സച്ചിന്‍ സുരേഷ് മുന്നില്‍കയറി വിഫലമാക്കി. അധിക സമയത്ത് ഒ എം ആസിഫിന്റെ ഒരു ഗ്രൗണ്ട് ഷോട്ടില്‍ ബ്ലാസ്റ്റേഴ്‌സ് ലീഡുയര്‍ത്തുമെന്ന് തോന്നിച്ചു, നേരിയ വ്യത്യാസത്തിലാണ് പന്ത് പോസ്റ്റിന് പുറത്തായത്. ഏപ്രില്‍ 17ന് നടക്കുന്ന നാലാം റൗണ്ട് മല്‍സരത്തില്‍ കോവളം എഫ്‌സിയാണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികള്‍.

Tags:    

Similar News