ഹാട്രിക്കുമായി മാര്‍ട്ടിന്‍സ്; ഇറ്റലിയില്‍ ഇന്റര്‍ ഗോള്‍മഴ
ഇന്ററിന്റെ തുടര്‍ച്ചയായ ലീഗിലെ എട്ടാം ജയമാണിത്.
റോം: ഇറ്റാലിയന്‍ സീരി എയില്‍ അര്‍ജന്റീനന്‍ താരം ലൗട്ടേരോ മാര്‍ട്ടിന്‍സിന് ഹാട്രിക്ക്. ഇന്ന് നടന്ന ക്രോട്ടണിനെതിരായ മല്‍സരത്തിലാണ് ഇന്റര്‍മിലാന്റെ സൂപ്പര്‍ താരം മാര്‍ട്ടിന്‍സിന്റെ ഹാട്രിക്ക് നേട്ടം. ക്രോട്ടണെ 6-2നാണ് ഇന്റര്‍ തോല്‍പ്പിച്ചത്. ജയത്തോടെ ഇന്റര്‍ മിലാന്‍ ലീഗിലെ ഒന്നാം സ്ഥാനക്കാരായ എ സി മിലാനുമായുള്ള പോയിന്റ് അന്തരം ഒന്നാക്കി മാറ്റി. ഇന്ററിന്റെ തുടര്‍ച്ചയായ ലീഗിലെ എട്ടാം ജയമാണിത്. 20, 57, 78 മിനിറ്റുകളിലാണ് മാര്‍ട്ടിന്‍സിന്റെ ഗോള്‍ നേട്ടം. ലൂക്കാക്കു, ഹക്കിമി എന്നിവരാണ് ഇന്ററിന്റെ മറ്റ് സ്‌കോറര്‍മാര്‍. ഇന്ററിനായി ബെല്‍ജിയം താരം ലൂക്കാക്കുവിന്റെ 50ാം ഗോള്‍ നേട്ടമാണ് ഇന്ന് ആഘോഷിച്ചത്. ക്രോട്ടണ്‍ താരം മറോണിന്റെ സെല്‍ഫ് ഗോളും ഇന്ററിന് തുണയായി.
ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് നടന്ന മല്‍സരത്തില്‍ ന്യൂകാസില്‍ യുനൈറ്റഡിനെ തോല്‍പ്പിച്ച് ലെസ്റ്റര്‍ സിറ്റി. 2-1നാണ് ലെസ്റ്ററിന്റെ ജയം. ജയത്തോടെ ലെസ്റ്റര്‍ ലീഗില്‍ മൂന്നാം സ്ഥാനത്തെത്തി. ജര്‍മ്മന്‍ ബുണ്ടസാ ലീഗില്‍ ഇന്ന് നടന്ന മല്‍സരത്തില്‍ ബോറൂസിയാ ഡോര്‍ട്ട്മുണ്ട് വോള്‍വ്‌സ്ബര്‍ഗിനെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ചു. ഇംഗ്ലണ്ട് ഫോര്‍വേഡ് ജേഡന്‍ സാഞ്ചോ, അക്കാഞ്ചി എന്നിവരാണ് ഡോര്‍ട്ടമുണ്ടിനായി സ്‌കോര്‍ ചെയ്തത്. സാഞ്ചോയുടെ സീസണിലെ ആദ്യ ഗോളാണിത്. ഇഞ്ചുറി ടൈമില്‍ ഗോള്‍ നേടിയതിന് മുമ്പ് താരം അക്കാഞ്ചിയുടെ ഗോളിന് വഴിയൊരുക്കുകയും ചെയ്തു.
സ്പാനിഷ് ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന മല്‍സരത്തില്‍ റയല്‍ മാഡ്രിഡ് സെല്‍റ്റാ വിഗോയെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ചു.