അഞ്ചടിച്ച് ബാഴ്‌സ; മെസ്സിക്ക് ഡബിള്‍; പ്രീമിയര്‍ ലീഗില്‍ യുനൈറ്റഡിന് ജയം
ഡെംബലെ, ഗ്രീസ്മാന്‍, ഗോണ്‍സാലസ് എന്നിവരാണ് ബാഴ്‌സയുടെ മറ്റ് സ്‌കോറര്‍മാര്‍.
ക്യാംപ് നൗ: തുടര്‍ച്ചയായ നാല് മല്‍സരങ്ങള്‍ക്ക് ശേഷം ആദ്യമായി ബാഴ്‌സലോണ സ്പാനിഷ് ലീഗില്‍ ജയം കണ്ടു. റയല്‍ ബെറ്റിസിനെതിരേ 5-2ന്റെ ജയമാണ് കറ്റാലന്‍സ് നേടിയത്. സൂപ്പര്‍ താരം മെസ്സി ഇരട്ട ഗോള്‍ നേടി. രണ്ടാം പകുതിയിലാണ് കോച്ച് കോമാന്‍ മെസ്സിയെ ഇറക്കിയത്. പെനാല്‍റ്റിയിലൂടെ മാത്രം ഗോള്‍ നേടുന്നൂ എന്ന ഈ സീസണിലെ ആരോപണത്തിനും മെസ്സി അവസാനം കുറിച്ചു. 61ാം മിനിറ്റിലെ ഗോള്‍ പെനാല്‍റ്റിയിലൂടെയും 82ാം മിനിറ്റിലെ ഗോള്‍ റൊബെര്‍ട്ടോയുടെ അസിസ്റ്റില്‍ നിന്നുമാണ് മെസ്സി നേടിയത്. സീസണിലെ ആറു ഗോളുകളും മെസ്സി നേടിയത് പെനാല്‍റ്റിയിലൂടെയായിരുന്നു. ഡെംബലെ, ഗ്രീസ്മാന്‍, ഗോണ്‍സാലസ് എന്നിവരാണ് ബാഴ്‌സയുടെ മറ്റ് സ്‌കോറര്‍മാര്‍. ലീഗില്‍ ബാഴ്‌സ റയല്‍ ബെറ്റിസിന് താഴെ എട്ടാം സ്ഥാനത്താണ്.
ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ച്‌സറ്റര്‍ യുനൈറ്റഡിന് ഒടുവില്‍ ആശ്വാസ ജയം. ശക്തരായ എവര്‍ട്ടണിനെതിരേ 3-1ന്റെ ജയമാണ് യുനൈറ്റഡ് നേടിയത്. പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ബ്രൂണോ ഫെര്‍ണാണ്ടസിന്റെ ഇരട്ട ഗോള്‍ നേട്ടവും മുന്‍ പിഎസ്ജി താരം കവാനി (ഉറുഗ്വെ)യൂടെ ഏക ഗോള്‍ നേട്ടവുമാണ് യുനൈറ്റഡിന് ജയം നല്‍കിയത്. ലീഗില്‍ 13ാം സ്ഥാനത്തുള്ള യുനൈറ്റഡിന് ജയം ഏറെ ആശ്വാസമാകും. മറ്റൊരു മല്‍സരത്തില്‍ ക്രിസ്റ്റല്‍ പാലസ് 4-1ന് ലീഡ്‌സിനെ തോല്‍പ്പിച്ചു.