വാറ്റ്കിന്‍സിന് ഹാട്രിക്ക്; ലിവര്‍പൂളിനെ ഏഴടിച്ച് തകര്‍ത്ത് വില്ല

1963ന് ശേഷം ആദ്യമായാണ് ചെമ്പട ഏഴ് ഗോളിന്റെ തോല്‍വി വഴങ്ങുന്നത്.

Update: 2020-10-05 08:34 GMT



ആന്‍ഫീല്‍ഡ്: കബ്ബ് ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വിയേറ്റു വാങ്ങി ലിവര്‍പൂള്‍. പ്രീമിയര്‍ ലീഗില്‍ ആസ്റ്റണ്‍ വില്ലയോടാണ് ലിവര്‍പൂള്‍ 7-2ന് തോല്‍വിയണഞ്ഞത്. 1963ന് ശേഷം ആദ്യമായാണ് ചെമ്പട ഏഴ് ഗോളിന്റെ തോല്‍വി വഴങ്ങുന്നത്. പാടെ തകര്‍ന്ന ലിവര്‍പൂള്‍ പ്രതിരോധം തന്നെയാണ് തോല്‍വിക്ക് വഴിവച്ചത്. ഒലി വാറ്റ്ക്കിന്‍സ് എന്ന 18 കാരന്റെ ഹാട്രിക്കാണ് ലിവര്‍പൂള്‍ പതനത്തിന് തുടക്കമിട്ടത്. ആസ്റ്റണ്‍ വില്ലയുടെ ഈ സീസണിലെ പുത്തന്‍ സൈനിങ്ങായ വാറ്റ്കിന്‍സ് 4,22, 39 മിനിറ്റുകളിലായാണ് ഗോളുകള്‍ നേടിയത്. ഇംഗ്ലണ്ട് താരമായ വാറ്റ്ക്കിന്‍സ് കഴിഞ്ഞ സീസണില്‍ ബ്രന്റ്‌ഫോഡിന് വേണ്ടിയാണ് കളിച്ചത്. പ്രീമിയര്‍ ലീഗില്‍ ഇത്തവണ ഗോള്‍ഡന്‍ ബൂട്ട് നേടാന്‍ ഫുട്‌ബോള്‍ വിദ്ഗധര്‍ സാധ്യത കല്‍പ്പിക്കുന്ന താരമാണ് വാറ്റ്കിന്‍സ്. താരത്തിന് പുറമെ ഗ്രീലിഷ് (66, 75) ഇരട്ട ഗോളുകള്‍ നേടി. മഗ്ഗിന്‍, ബാര്‍ക്കലേ എന്നിവര്‍ വില്ലയ്ക്കായി ഓരോ ഗോള്‍ നേടി. ലിവര്‍പൂളിന്റെ രണ്ട് ഗോളുകള്‍ മുഹമ്മദ് സലാഹിന്റെ(33, 60) വകയായിരുന്നു. കഴിഞ്ഞ സീസണിന്റെ അവസാന ദിവസം റെലഗേഷനില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട ക്ലബ്ബാണ് ആസ്റ്റണ്‍ വില്ല.






Tags:    

Similar News