പ്രീമിയര്‍ ലീഗില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; ജയത്തോടെ ലിവര്‍പൂള്‍ വീണ്ടും ഒന്നാമത്
സെന്റ് ജെയിംസ് പാര്‍ക്ക്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ കിരീട പോരാട്ടങ്ങള്‍ അവസാനിക്കാനാരിക്കെ ലിവര്‍പൂള്‍ വീണ്ടും ഒന്നില്‍. ന്യൂകാസിലിനെ 3-2ന് തോല്‍പ്പിച്ചാണ് ലിവര്‍പൂള്‍ ഒന്നിലെത്തിയത്. ഇതോടെ രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റിക്ക് നാളെ ലെസ്റ്ററിനെതിരായ മല്‍സരം നിര്‍ണ്ണായകമായിരിക്കുകയാണ്. വാന്‍ ഡെക്ക്(13), സാലാ(28), ഒറിഗി(86) എന്നിവരാണ് ലിവര്‍പൂളിനായി ഗോള്‍ നേടിയവര്‍. 2-2 സമനിലയിലായ മല്‍സരത്തില്‍ 86ാം മിനിറ്റില്‍ ഡിവോക്ക് ഒറിഗി നേടിയ ഗോളാണ് ലിവര്‍പൂളിന് ജയമൊരുക്കിയത്. സ്‌ട്രൈക്കര്‍ മുഹമ്മദ് സലാഹിന് പരിക്കേറ്റതിനെ തുടര്‍ന്നാണ് ഒറിഗി പകരക്കാരനായി ഇറങ്ങിയത്.
മാഞ്ചസ്റ്റര്‍ സിറ്റിക്ക് ഇനി രണ്ട് മല്‍സരവും ലിവര്‍പൂളിന് ഒരു മല്‍സരവുമാണ് ഇനി ബാക്കിയുള്ളത്. ലിവര്‍പൂളിന് 94 ഉം സിറ്റിക്ക് 92 ഉം പോയിന്റാണുള്ളത്. അതിനിടെ പ്രമുഖ താരം മുഹമ്മദ് സാലയ്ക്ക് പരിക്കേറ്റത് ലിവര്‍പൂളിനെ ആശങ്കയിലാക്കിയിക്കുകയാണ്. ഒരു വശത്ത് പ്രീമിയര്‍ ലീഗ് കിരീട പോരാട്ടവും മറുവശത്ത് ചാംപ്യന്‍സ് ലീഗ് സെമിഫൈനലും നടക്കുന്നതിനിടെയാണ് സാലയ്ക്ക് പരിക്കേറ്റത്. ന്യൂകാസില്‍ ഗോളിയുമായി സാല കൂട്ടിയിടിക്കുകയായിരുന്നു. തുടര്‍ന്ന് സാലയെ സ്‌ട്രെച്ചറിലാണ് കൊണ്ടുപോയത്. തുടര്‍ന്നുള്ള മല്‍സരങ്ങളില്‍ സാലാ കളിക്കില്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ലിവര്‍പൂളിനെ ഒന്നാം സ്ഥാനത്ത് എത്തിച്ചതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച താരമാണ് സാല.