സ്പാനിഷ് ലീഗ്; കിരീടത്തിന് അരികെ അത്‌ലറ്റിക്കോ മാഡ്രിഡ്

അത്‌ലറ്റിക്കോ അവസാന മല്‍സരത്തില്‍ തോല്‍ക്കുകയും റയല്‍ ജയിക്കുകയും ചെയ്താല്‍ കിരീടം റയലിന് നേടാം.

Update: 2021-05-17 05:45 GMT


മാഡ്രിഡ്: 2014ന് ശേഷം ആദ്യമായി സ്പാനിഷ് ലീഗ് കിരീടം കൈക്കലാക്കമെന്ന അത്‌ലറ്റിക്കോ മാഡ്രിഡിന്റെ പ്രതീക്ഷകള്‍ക്ക് ഒരു ജയം അകലെ. ഇന്ന് ഒസാസുനയെ നേരിട്ട അത്‌ലറ്റിക്കോ 2-1ന് അവരെ തോല്‍പ്പിച്ചു. ലീഗിലെ അവസാന മല്‍സരത്തില്‍ 19ാം സ്ഥാനത്തുള്ള റയല്‍ വലാഡോളിഡിനോട് ജയിച്ചാല്‍ സിമിയോണിക്കും ടീമിനും കിരീടം നേടാം. ഇന്ന് നടന്ന മല്‍സരത്തില്‍ ബുഡിമിറിലൂടെ ഒസാസുനയാണ് രണ്ടാം പകുതിയില്‍ ലീഡെടുത്തത്. തുടര്‍ന്ന് 82ാം മിനിറ്റില്‍ സാന്റോസിലൂടെ അത്‌ലറ്റിക്കോ സമനില പിടിച്ചു. എന്നാല്‍ ലൂയിസ് സുവാരസ് 88ാം മിനിറ്റില്‍ അത്‌ലറ്റിക്കോയുടെ പ്രതീക്ഷ കാക്കുകയായിരുന്നു. കരാസ്‌ക്കോയുടെ പാസ്സില്‍ നിന്നായിരുന്നു സുവാരസിന്റെ ഗോള്‍.


ഇന്ന് നടന്ന മറ്റൊരു മല്‍സരത്തില്‍ രണ്ടാം സ്ഥാനത്തുള്ള റയല്‍ മാഡ്രിഡ് അത്‌ലറ്റിക്കോ ബില്‍ബാവോയെ ഒരു ഗോളിന് തോല്‍പ്പിച്ച് കിരീട പ്രതീക്ഷയുടെ നേരിയ സാധ്യത കൂട്ടി. സ്‌പെയിന്‍ താരം നാച്ചോ 68ാം മിനിറ്റില്‍ നേടിയ ഗോളാണ് റയലിന് ഇന്ന് തുണയായത്. കരുത്തരായ വിയ്യാറലാണ് റയലിന്റെ അവസാന മല്‍സരത്തിലെ എതിരാളി. അത്‌ലറ്റിക്കോയ്ക്ക് 83 ഉം റയലിന് 81 ഉം പോയിന്റാണുള്ളത്. അത്‌ലറ്റിക്കോ അവസാന മല്‍സരത്തില്‍ തോല്‍ക്കുകയും റയല്‍ ജയിക്കുകയും ചെയ്താല്‍ കിരീടം റയലിന് നേടാം. റയല്‍ അവസാന മല്‍സരത്തില്‍ തോറ്റാലും സമനില നേടിയാലും അവര്‍ക്ക് കിരീടം നഷ്ടമാവും.




Tags:    

Similar News