പ്രീമിയര്‍ ലീഗില്‍ വാറ്റ്‌ഫോഡിനെതിരേ ഗോള്‍മഴ പെയ്യിച്ച് സിറ്റി
കഴിഞ്ഞ മല്‍സരത്തില്‍ തോറ്റ സിറ്റിയെ വിമര്‍ശിച്ചവര്‍ക്കുള്ള മറുപടിയാണ് ഇന്ന് മാഞ്ചസ്റ്ററില്‍ അവര്‍ നല്‍കിയ ഗോള്‍ വിരുന്ന്. ബെര്‍നാഡോ സില്‍വയുടെ ഹാട്രിക്കും ജയത്തിന് ആക്കം കൂട്ടി.
മാഞ്ചസ്റ്റര്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഗോള്‍മഴ. വാറ്റ്‌ഫോഡിനെതിരേയാണ് എതിരില്ലാത്ത എട്ടുഗോളടിച്ച് സിറ്റിയുടെ വമ്പന്‍ തിരിച്ചുവരവ്. കഴിഞ്ഞ മല്‍സരത്തില്‍ തോറ്റ സിറ്റിയെ വിമര്‍ശിച്ചവര്‍ക്കുള്ള മറുപടിയാണ് ഇന്ന് മാഞ്ചസ്റ്ററില്‍ അവര്‍ നല്‍കിയ ഗോള്‍ വിരുന്ന്. ബെര്‍നാഡോ സില്‍വയുടെ ഹാട്രിക്കും ജയത്തിന് ആക്കം കൂട്ടി. ഡേവിഡ് സില്‍വയാണ് ഒന്നാം മിനിറ്റില്‍ ഗോള്‍ വേട്ടയ്ക്ക് തുടക്കമിട്ടത്. തുടര്‍ന്ന് ഒരു പെനാല്‍റ്റിയിലൂടെ ഏഴാം മിനിറ്റില്‍ സെര്‍ജിയോ അഗ്വേറയുടെ രണ്ടാം ഗോള്‍. റിയാദ് മെഹറസ് ആണ് 12 മിനിറ്റില്‍ സിറ്റിയുടെ മൂന്നാം ഗോള്‍ നേടിയത്.
നാലാം ഗോള്‍ 15ാം മിനിറ്റില്‍ ബെര്‍ണാഡോ സില്‍വയുടെ വകയായിരുന്നു. 18ാം മിനിറ്റില്‍ ഒട്ടാമെന്‍ഡിയാണ് അഞ്ചാം ഗോള്‍ നേടിയത്. ആദ്യ പകുതിയില്‍ തന്നെ സിറ്റി അഞ്ച് ഗോള്‍ നേടിയിരുന്നു. 18 മിനിറ്റിനുള്ളിലാണ് അഞ്ച് ഗോളും പിറന്നത്. ഇതോടെ പ്രീമിയര്‍ ലീഗില്‍ പുതിയ റെക്കോഡാണ് സിറ്റി സൃഷ്ടിച്ചത്. രണ്ടാം പകുതിയില്‍ 48ാം മിനിറ്റിലും 60ാം മിനിറ്റിലുമായി ബെര്‍ണാഡോ സില്‍വ തന്റെ ഹാട്രിക്ക് തികച്ചു. 85ാം മിനിറ്റില്‍ ഡി ബ്രൂണിയാണ് സിറ്റിയുടെ ഗോള്‍ വേട്ട അവസാനിപ്പിച്ചത്. കഴിഞ്ഞ മല്‍സരത്തില്‍ രണ്ടാം ലീഗില്‍ നിന്നും വന്ന നോര്‍വിച്ച് സിറ്റിയാണ് മാഞ്ചസ്റ്ററിനെ തോല്‍പ്പിച്ചത്.