മാഞ്ചസ്റ്റര്‍ സിറ്റിയുടെ വിലക്ക് നീങ്ങി; അടുത്ത വര്‍ഷം ചാംപ്യന്‍സ് ലീഗില്‍ കളിക്കാം
തര്‍ക്ക പരിഹാര കോടതിയാണ് വിലക്ക് തള്ളിയത്.
ലണ്ടന്‍: സാമ്പത്തിക ഇടപാടുകളില്‍ ക്രമക്കേട് നടത്തിയതിന് വിലക്ക് ലഭിച്ച മാഞ്ചസ്റ്റര്‍ സിറ്റിക്ക് അടുത്ത വര്‍ഷത്തെ ചാംപ്യന്‍സ് ലീഗില്‍ കളിക്കാം. സിറ്റിയുടെ രണ്ട് വര്‍ഷത്തെ വിലക്ക് കോടതി റദ്ദാക്കി. 2012 മുതല്‍ 2016 വരെ യുവേഫായെ തെറ്റിദ്ധരിപ്പിച്ച് സിറ്റി വന്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയതിനെ തുടര്‍ന്ന് യുവേഫാ തന്നെയാണ് സിറ്റിയെ വിലക്കിയത്. വിലക്കിനെ കൂടാതെ പിഴയും വിധിച്ചിരുന്നു. ഈ വിധിക്കെതിരേ സിറ്റി നല്‍കിയ അപ്പീലിലാണ് അവര്‍ക്ക് വിജയം. തര്‍ക്ക പരിഹാര കോടതിയാണ് വിലക്ക് തള്ളിയത്. നേരത്തെ 30 മില്ല്യണ്‍ യൂറോ ആണ് സിറ്റിക്ക് പിഴ വിധിച്ചത്. ഇത് 10 മില്ല്യണ്‍ യൂറോ ആയി കോടതി കുറച്ചിട്ടുണ്ട്. ഇടപാടുകളില്‍ സിറ്റി വ്യക്തത വരുത്തിയിട്ടുണ്ടെന്നും കോടതി അറിയിച്ചു. സ്പോണ്‍സര്‍ഷിപ്പ് വരുമാനങ്ങള്‍ പെരുപ്പിച്ച് കാണിച്ചാണ് സിറ്റി ക്രമക്കേട് നടത്തിയെന്ന് ആദ്യം ചൂണ്ടികാട്ടിയത് ജര്‍മ്മന്‍ മാധ്യമങ്ങളായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് യുവേഫാ സിറ്റിയെ വിലക്കിയത്. പ്രീമിയര്‍ ലീഗില്‍ രണ്ടാം സ്ഥാനത്തുള്ള സിറ്റിക്ക് ഇതോടെ അടുത്ത വര്‍ഷത്തെ ചാംപ്യന്‍സ് ലീഗില്‍ കളിക്കാം.