ചാംപ്യന്‍സ് ലീഗ്; ബാഴ്‌സയ്ക്കും യുനൈറ്റഡിനും ഇന്ന് നിര്‍ണ്ണായകം

റാഫേല്‍ വരാനെ, അന്റോണിയാ മാര്‍ഷ്യല്‍ എന്നിവര്‍ പരിക്കിനെ തുടര്‍ന്ന് കളിക്കില്ല.

Update: 2021-10-20 05:44 GMT


ക്യാപ് നൗ: ചാംപ്യന്‍സ് ലീഗില്‍ ഇന്ന് വമ്പന്‍ മല്‍സരങ്ങള്‍ക്ക് യൂറോപ്പ് സാക്ഷ്യം വഹിക്കും. ഗ്രൂപ്പ് ഇയില്‍ നടക്കുന്ന നിര്‍ണ്ണായക മല്‍സരത്തില്‍ ബാഴ്‌സലോണ ഡൈനാമോ കെയ്‌വിനെ നേരിടും. ഗ്രൂപ്പില്‍ ബാഴ്‌സ നാലാം സ്ഥാനത്തും ഡൈനാമോ മൂന്നാം സ്ഥാനത്തുമാണ്. ഒരു പോയിന്റും പോലും നേടാത്ത ബാഴ്‌സയ്ക്ക് ഇന്ന് ജയം അനിവാര്യമാണ്. ഇതേ ഗ്രൂപ്പിലെ മറ്റൊരു മല്‍സരത്തില്‍ ഒന്നാം സ്ഥാനക്കാരായ ബയേണ്‍ മ്യുണിക്ക് രണ്ടാം സ്ഥാനത്തുള്ള ബെന്‍ഫിക്കയെ നേരിടും.


ഗ്രൂപ്പ് എഫില്‍ നടക്കുന്ന മറ്റൊരു പ്രധാന മല്‍സരത്തില്‍ മൂന്നാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഒന്നാം സ്ഥാനത്തുള്ള അറ്റ്‌ലാന്റയെ നേരിടും. ഒരു ജയം മാത്രമുള്ള യുനൈറ്റഡിന് ഇന്ന് ജയിച്ചേ തീരൂ.സൂപ്പര്‍ താരം റൊണാള്‍ഡോ ആദ്യ ഇലവനില്‍ ഇറങ്ങുമ്പോള്‍ റാഫേല്‍ വരാനെ, അന്റോണിയാ മാര്‍ഷ്യല്‍ എന്നിവര്‍ പരിക്കിനെ തുടര്‍ന്ന് കളിക്കില്ല.


ഇതേ ഗ്രൂപ്പിലെ മറ്റൊരു മല്‍സരത്തില്‍ വിയ്യാറയല്‍ യങ് ബോയിസിനെ നേരിടും. യുനൈറ്റഡിനെ തോല്‍പ്പിച്ച യങ് ബോയിസ് രണ്ടാം സ്ഥാനത്തും വിയ്യാറയല്‍ നാലാം സ്ഥാനത്തുമാണ്.


ഗ്രൂപ്പ് എച്ചില്‍ നടക്കുന്ന പോരാട്ടത്തില്‍ യുവന്റസ് സെനിറ്റ് സെന്റ് പീറ്റേഴ്‌സ്ബര്‍ഗിനെ നേരിടും. മറ്റൊരു മല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ ചെല്‍സി മാല്‍മോയെ നേരിടും. ഗ്രൂപ്പില്‍ യുവന്റസും ചെല്‍സിയും ഒന്നും രണ്ടും സ്ഥാനത്താണ്. മൂന്ന് പോയിന്റ് മാത്രമുള്ള ചെല്‍സിക്കും ഇന്ന് നിര്‍ണ്ണായകമാണ്. ബാഴ്‌സയുടെ മല്‍സരം രാത്രി 10.15നാണ്. ബാക്കിയുള്ള മല്‍സരങ്ങള്‍ രാത്രി 12.30നാണ്.




Tags:    

Similar News