ഡീഗോ മറഡോണയുടെ മരണം; വീട്ടിലെ ചികിത്സ അബദ്ധമായിരുന്നു: ഡോക്ടര്‍മാര്‍

Update: 2025-04-09 08:58 GMT
ഡീഗോ മറഡോണയുടെ മരണം; വീട്ടിലെ ചികിത്സ അബദ്ധമായിരുന്നു: ഡോക്ടര്‍മാര്‍

ബ്യൂണസ് ഐറിസ്: അന്തരിച്ച ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയ്ക്ക് മരണത്തിന്റെ അവസാന നാളുകളില്‍ വീട്ടില്‍ ചികിത്സ നല്‍കിയത് തെറ്റായിപ്പോയെന്ന് താരത്തെ ചികിത്സിച്ച് ഡോക്ടര്‍. മരണവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന കേസില്‍ വിചാരണ നടക്കുന്നതിനിടെയാണ് ഡോക്ടര്‍ ഇത്തരത്തില്‍ വിലയിരുത്തിയത്. അദ്ദേഹത്തിന് പ്രത്യേക ക്ലിനിക്കല്‍ പ്രത്യേക ചികിത്സ നല്‍കണമായിരുന്നു. വീട്ടില്‍ ചികിത്സയ്ക്കുള്ള മതിയായ ഉപകരണങ്ങള്‍ ഇല്ലായിരുന്നുവെന്നും ഡോക്ടര്‍ വ്യക്തമാക്കി.

മറഡോണയ്ക്ക് വേണ്ട ചികിത്സ മെഡിക്കല്‍ ടീം നല്‍കിയില്ലെന്നും ഇതാണ് അതിവേഗം അദ്ദേഹത്തിന്റെ മരണത്തിലേക്ക് നയിച്ചെതെന്നുമാണ് പ്രോസിക്യുഷന്‍ വാദം. അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടര്‍മാരും നഴ്‌സുമാരും പ്രതിപ്പട്ടികയില്‍ ഉണ്ട്. മറഡോണ മരിക്കുന്നതിന് 12 മണിക്കൂര്‍ മുന്‍പു മുതല്‍ കഠിനവേദന അനുഭവിച്ചിരുന്നെന്ന് പോസ്റ്റ്‌മോര്‍ട്ടത്തിനു നേതൃത്വം നല്‍കിയ ഡോക്ടര്‍മാരില്‍ ഒരാള്‍ കോടതിയില്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഹൃദയഘാതമായിരുന്നു മരണകാരണം. എന്നാല്‍, ദിവസങ്ങള്‍ക്കു മുന്‍പേ ഇതുമായി ബന്ധപ്പെട്ട രോഗലക്ഷണങ്ങള്‍ മറഡോണ പ്രകടിപ്പിച്ചിരുന്നു. 2020 നവംബര്‍ 20നായിരുന്നു അറുപതുകാരന്‍ മറഡോണയുടെ അന്ത്യം. തലച്ചോറിലെ രക്തസ്രാവത്തിന് അടിയന്തര ശസ്ത്രക്രിയ നടത്തിയ ശേഷം വീട്ടില്‍ വിശ്രമിക്കവേയാണ് ഹൃദയാഘാതമുണ്ടായത്.

മറഡോണയെ പരിചരിച്ച വൈദ്യസംഘത്തിന്റെ പിഴവാണ് മരണകാരണമെന്ന കേസില്‍ നടക്കുന്ന വിചാരണയിലാണ് കാസിനെല്ലിയുടെ മൊഴി രേഖപ്പെടുത്തിയത്. 'ഹൃദയത്തിനു ചുറ്റും കൊഴുപ്പ് അടിഞ്ഞു കൂടിയിരുന്നു. അതില്‍നിറയെ രക്തത്തുള്ളികളുമുണ്ടായിരുന്നു. അദ്ദേഹം കഠിനവേദനയിലൂടെയാണ് കടന്നുപോയത് എന്നതിന്റെ തെളിവാണിത്' കാസിനല്ലി പറഞ്ഞു.ഗുരുതരാവസ്ഥയിലാണെന്നറിഞ്ഞിട്ടും മറഡോണയ്ക്കു മതിയായ ചികിത്സയും കരുതലും നല്‍കിയില്ലെന്ന കുറ്റം ചുമത്തി വൈദ്യസംഘത്തിലെ 7 പേര്‍ക്കെതിരെയാണു കേസ് നടക്കുന്നത്.





Tags: