കോപ്പാ അമേരിക്ക; മെക്‌സിക്കോ തകര്‍ന്നു; വെനസ്വേല ക്വാര്‍ട്ടറില്‍; ഇക്വഡോറും പ്രതീക്ഷയില്‍

Update: 2024-06-27 06:04 GMT

കലിഫോര്‍ണിയ: കോപ്പാ അമേരിക്കാ ക്വാര്‍ട്ടറില്‍ സ്ഥാനം പിടിച്ച് വെനസ്വേല. ഗ്രൂപ്പ് ബിയില്‍ മെക്‌സിക്കോയ്‌ക്കെതിരേ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് വെനസ്വേലയുടെ വിജയം. 57ാം മിനിറ്റില്‍ സാലമന്‍ റോണ്ടന്റെ പെനല്‍റ്റി ഗോള്‍ വെനസ്വേലയെ മുന്നിലെത്തിക്കുകയായിരുന്നു. മത്സരത്തില്‍ ഷോട്ടുകളിലും പാസുകളിലും പന്തടക്കത്തിലുമെല്ലാം മുന്നില്‍നിന്നിട്ടും ഗോള്‍ നേടാന്‍ മാത്രം മെക്‌സിക്കോയ്ക്കു സാധിച്ചില്ല.

രണ്ടാം വിജയത്തോടെ ആറു പോയിന്റു നേടിയ വെനസ്വേല ഗ്രൂപ്പില്‍ ഒന്നാമതായി. ഇക്വഡോര്‍ രണ്ടാം സ്ഥാനത്തും മെക്‌സിക്കോ മൂന്നാമതുമാണ്. ആദ്യ രണ്ടു കളികളും തോറ്റ ജമൈക്ക ടൂര്‍ണമെന്റില്‍നിന്നു പുറത്തായി. ഞായറാഴ്ച നടക്കുന്ന അവസാന മത്സരത്തില്‍ ഇക്വഡോറിനെ തോല്‍പിച്ചാല്‍ മെക്‌സിക്കോയ്ക്കും നോക്കൗട്ടില്‍ കടക്കാന്‍ സാധിക്കും. 87ാം മിനിറ്റില്‍ ലഭിച്ച പെനല്‍റ്റി കിക്ക് മെക്‌സിക്കോ താരം ഒര്‍ബെലിന്‍ പിനെദ പാഴാക്കിയതാണു മത്സരത്തില്‍ നിര്‍ണായമായത്. മെക്‌സിക്കോ താരത്തിന്റെ ഷോട്ട് വെനസ്വേല ഗോളി റാഫേല്‍ റോമോ തട്ടിയകറ്റുകയായിരുന്നു.

മെക്‌സിക്കോ താരം ജുലിയന്‍ ക്വിനോനസ് വെനസ്വേലയുടെ ജോണ്‍ ആറംബരുവിനെ പെനല്‍റ്റി ഏരിയയില്‍വച്ച് വീഴ്ത്തിയതിനാണു വെനസ്വേലയ്ക്കു അനുകൂലമായ പെനല്‍റ്റി വിധിച്ചത്. കിട്ടിയ അവസരം ഉപയോഗിച്ച് വെനസ്വേല മുന്‍പിലെത്തുകയും ചെയ്തു.


  കോപ്പ അമേരിക്ക ഫുട്‌ബോളില്‍ ക്വാര്‍ട്ടര്‍ സാധ്യതകള്‍ നിലനിര്‍ത്തി ഇക്വഡോര്‍. ലാസ് വേഗസില്‍ നടന്ന ഗ്രൂപ്പ് ബി മത്സരത്തില്‍ ജമൈക്കയ്‌ക്കെതിരെ ഒന്നിനെതിരെ മൂന്നു ഗോളുകളുടെ വിജയമാണ് ഇക്വഡോര്‍ നേടിയത്. ഇക്വഡോറിനായി കെന്‍ഡ്രി പേസ് (49, പെനാല്‍റ്റി), അലന്‍ മിന്‍ഡ (91) എന്നിവരാണു ഗോളുകള്‍ നേടിയത്. 13ാം മിനിറ്റില്‍ ജമൈക്ക താരം കെസി പാമറുടെ സെല്‍ഫ് ഗോളും ഇക്വഡോറിനു തുണയായി.

രണ്ടാം പകുതിയില്‍ 54ാം മിനിറ്റില്‍ മിച്ചേല്‍ അന്റോണിയോവാണ് ജമൈക്കയുടെ ആശ്വാസ ഗോള്‍ കണ്ടെത്തിയത്. ജയത്തോടെ മൂന്നു പോയിന്റുമായി ഇക്വഡോര്‍ മൂന്നാം സ്ഥാനത്തെത്തി. ആദ്യ മത്സരത്തില്‍ വെനസ്വേലയോട് 21ന് ഇക്വഡോര്‍ തോറ്റിരുന്നു. രണ്ടാം തോല്‍വി ഏറ്റുവാങ്ങിയ ജമൈക്ക ഗ്രൂപ്പിലെ അവസാന സ്ഥാനക്കാരായി. 13ാം മിനിറ്റില്‍ ഇക്വഡോര്‍ താരം പിയറൊ ഹിന്‍കാപിയുടെ ക്രോസ് ജമൈക്കയുടെ കെസി പാമറുടെ കാലില്‍ തട്ടി വലയിലെത്തിയാണ് ഇക്വഡോര്‍ ആദ്യം മുന്നിലെത്തിയത്.

ഗ്രിഗറി ലേയുടെ ഹാന്‍ഡ് ബോളില്‍ ലഭിച്ച പെനല്‍റ്റി കിക്ക് മുതലാക്കി ഇക്വഡോര്‍ ഗോള്‍ നേട്ടം രണ്ടാക്കി ഉയര്‍ത്തി. രണ്ടാം പകുതിയില്‍ ഏതന്‍ പിന്നോക്കിന്റെ ശ്രമത്തിനൊടുവിലാണ് ടൂര്‍ണമെന്റില്‍ ജമൈക്കയുടെ ആദ്യ ഗോള്‍ പിറന്നത്. പിന്നോക്കിന്റെ നീക്കം ബ്ലോക്ക് ചെയ്‌തെങ്കിലും റീബൗണ്ടില്‍ മിച്ചല്‍ അന്റോണിയോ ലക്ഷ്യം കാണുകയായിരുന്നു. മത്സരത്തിന്റെ അധികസമയത്ത് അലന്‍ മിന്‍ഡ ഇക്വഡോറിനായി മൂന്നാം ഗോള്‍ സ്വന്തമാക്കി.



Tags:    

Similar News