പ്രീമിയര്‍ ലീഗ്; ലിവര്‍പൂളിന് ഞെട്ടിക്കുന്ന തോല്‍വി, ആഴ്‌സണല്‍ കുതിക്കുന്നു
ജയത്തോടെ ആഴ്‌സണല്‍ അഞ്ചാം സ്ഥാനത്തെത്തി.
ആന്‍ഫീല്‍ഡ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന് തോല്‍വി. ലീഗില്‍ നാലാം സ്ഥാനത്തുള്ള വെസ്റ്റ്ഹാമാണ് മൂന്നാമതുള്ള ലിവര്‍പൂളിനെ വീഴ്ത്തിയത്. പരാജയമറിയാത്ത ലിവര്‍പൂളിന്റെ 25 മല്‍സരങ്ങളുടെ സ്വപ്‌ന കുതിപ്പിനാണ് വെസ്റ്റ്ഹാം തടയിട്ടത്.4, 67, 74 മിനിറ്റുകളിലായാണ് വെസ്റ്റ്ഹാമിന്റെ ഗോളുകള്‍. 41ാം മിനിറ്റിലാണ് അലക്‌സാണ്ടര്‍ അര്‍നോള്‍ഡിലൂടെ ലിവര്‍പൂള്‍ ആദ്യ ഗോള്‍ നേടിയത്. രണ്ടാം ഗോള്‍ ഒറിഗിയുടെ വകയായിരുന്നു. വെസ്റ്റ്ഹാമിന്റെ ആദ്യ ഗോള്‍ ലിവര്‍പൂള്‍ ഗോളി അലിസണ്‍ന്റെ സെല്‍ഫ് ഗോളായിരുന്നു. മല്‍സരത്തില്‍ ലിവര്‍പൂളിനായിരുന്നു ആധിപത്യമെങ്കിലും കിട്ടിയ അവസരങ്ങള്‍ ഗോളാക്കി മാറ്റുന്നതില്‍ വെസ്റ്റ്ഹാം വിജയിക്കുകയായിരുന്നു.
ഇന്ന് നടന്ന മറ്റൊരു മല്‍സരത്തില്‍ ആഴ്‌സണല്‍ ഒരു ഗോളിന് വാറ്റ്‌ഫോഡിനെ പരാജയപ്പെടുത്തി. ജയത്തോടെ ആഴ്‌സണല്‍ അഞ്ചാം സ്ഥാനത്തെത്തി. ലീഡ്‌സ്-ലെസ്റ്റര്‍ മല്‍സരം 1-1 സമനിലയില്‍ കലാശിച്ചു. പുതിയ കോച്ച് അന്റോണിയോ കോന്റെയ്ക്ക് കീഴില്‍ ആദ്യമായി ഇറങ്ങിയ ടോട്ടന്‍ഹാം എവര്‍ട്ടണോട് ഗോള്‍രഹിത സമനില വഴങ്ങി.