ഏറ്റവും കൂടുതല്‍ ആരാധകര്‍; ഡോര്‍ട്ട്മുണ്ടിനെ വീഴ്ത്തി കേരളാ ബ്ലാസ്റ്റേഴ്‌സിന് ഒന്നാം സ്ഥാനം
ബെര്‍ലിന്‍: ഐഎസ്എല്‍ കിരീടമോ മറ്റ് പ്രശ്‌സ്ത കിരീടങ്ങളോ ഷെല്‍ഫില്‍ ഇല്ലെങ്കിലും കേരളാ ബ്ലാസ്റ്റേഴ്‌സ് ആരാധകരെ വെല്ലാന്‍ മറ്റാരുമില്ലെന്ന് കേരളക്കരയ്ക്കറിയാം. അത് കേരളത്തില്‍ മാത്രമല്ല, ഇന്ത്യയിലും. ലോകത്തെ മറ്റ് പ്രശ്‌സ്ത ക്ലബ്ബുകളേക്കാള്‍ ആരാധകര്‍ മഞ്ഞപ്പടയ്ക്കുണ്ട്. ഹോം ഗ്രൗണ്ടായ കൊച്ചിയില്‍ ഒരു ബ്ലാസ്‌റ്റേഴ്‌സ് മല്‍സരം വന്നാല്‍ അറിയാം. കൊമ്പന്‍മാര്‍ എന്താണെന്ന്. ബ്ലാസ്റ്റേഴ്‌സിനെ പോലെ ലോകത്ത് പ്രശ്‌സ്തമാണ് ജര്‍മ്മന്‍ ബുണ്ടസാ ലീഗ് ക്ലബ്ബ് ബോറൂസിയാ ഡോര്‍ട്ട്മുണ്ടും.
ഡോര്‍ട്ട്മുണ്ടിന്റെ ആരാധകരും ഭ്രാന്തന്‍മാര്‍ തന്നെ.ബോറൂസിയയുടെ മല്‍സരമുണ്ടെങ്കില്‍ ജര്‍മ്മനിയിലെ സ്‌റ്റേഡിയങ്ങളിലും മഞ്ഞനിറയും. ഈ രണ്ട് ക്ലബ്ബുകളുടെയും ആരാധകര്‍ കോടാനുകോടിയാണ്. ഇവരില്‍ ആരാണ് ഒന്നാമന്‍ എന്നതിന് ഇപ്പോള്‍ ഉത്തരം ലഭിച്ചിരിക്കുകയാണ്. മറ്റാരുമല്ല കേരളാ ബ്ലാസ്‌റ്റേഴ്‌സ് തന്നെ. ഈ വിവരം പങ്കുവച്ചത് ബോറൂസിയാ ഡോര്‍ട്ട്മുണ്ട് തന്നെയാണ്. ഫിയാഗോ എന്ന സോഷ്യല്‍ മീഡിയാ ഇന്‍ഫ്‌ളുവന്‍സറാണ് ഈ പോള്‍ സംഘടിപ്പിച്ചത്. ഫിയാഗോ ഫാന്‍സ് കപ്പ് എന്ന പേരില്‍ സംഘടിപ്പിച്ച പോളില്‍ ഏറ്റവും കൂടുതല്‍ ആരാധകര്‍ ഉള്ള ക്ലബ്ബ് ഏതെന്നായിരുന്നു ചോദ്യം. പോളില്‍ പങ്കെടുവരില്‍ 50.3 ശതമാനം പേരും ബ്ലാസ്റ്റേഴ്‌സിനാണ് വോട്ട് ചെയ്തത്. 49.7ശതമാനം പേര്‍ ബോറൂസിയക്കും വോട്ട് ചെയ്തു.
ഫിയാഗോയുടെ ഈ ഫലം ബോറൂസിയ എക്‌സിലൂടെ പങ്ക് വയ്ക്കുകയായിരുന്നു. രണ്ട് പേര്‍ കൈകൊടുക്കുന്ന ഒരു മീം ക്ലബ്ബ് എക്‌സില്‍ പങ്കുവയ്ക്കുകയായിരുന്നു. പോളില്‍ ബൊക്കാ ജൂനിയേഴ്‌സും റിവര്‍പ്ലേറ്റും അവസാന എട്ടില്‍ ഉണ്ടായിരുന്നു. എന്നാല്‍ അവസാന റൗണ്ടില്‍ പ്രവേശിച്ചത് ബ്ലാസ്റ്റേഴ്‌സും ബോറൂസിയാ ഡോര്‍ട്ട്മുണ്ടുമാണ്.