ഇന്ത്യയില്‍ ഉടന്‍ ക്രിക്കറ്റ് നടക്കില്ല; മനുഷ്യ ജീവനാണ് പ്രധാനം: ഗാംഗുലി

Update: 2020-04-22 11:54 GMT

ന്യൂഡല്‍ഹി: ഇന്ത്യയില്‍ അടുത്ത കാലത്തൊന്നും ക്രിക്കറ്റ് നടക്കില്ലെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. രാജ്യത്ത് കൊറോണ വൈറസ് ബാധ ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഉടന്‍ ക്രിക്കറ്റ് മല്‍സരങ്ങള്‍ നടത്തില്ല. സ്‌പോര്‍ട്‌സിനേക്കാള്‍ പ്രാധാന്യം ജനങ്ങളുടെ ജീവനാണെന്നും ഗാംഗുലി വ്യക്തമാക്കി. ലോക്ക് ഡൗണ്‍ മെയ് മൂന്നിന് അവസാനിച്ചാലും രാജ്യത്ത് നിയന്ത്രണം തുടര്‍ന്നേക്കും. ക്രിക്കറ്റ് മല്‍സരങ്ങള്‍ നടത്തുന്നത് മൂലം സാമൂഹിക അകലം പാലിക്കാന്‍ കഴിയില്ല. പരീക്ഷണത്തിന് ബിസിസിഐ തയ്യാറല്ല. അടച്ചിട്ട സ്‌റ്റേഡിയത്തില്‍ മല്‍സരം നടത്തുന്നതും പ്രായോഗികമല്ല. ഐപിഎല്‍ മാറ്റിവച്ചതും രോഗവ്യാപനം വര്‍ധിച്ചതിനെ തുടര്‍ന്നാണ്. രാജ്യത്തെ ഫുട്‌ബോള്‍ മല്‍സരങ്ങളെല്ലാം ഇതിനോടകം ഉപേക്ഷിച്ചു. രാജ്യം രോഗമുക്തി നേടിയാല്‍ മാത്രമേ തുടര്‍ന്നും മല്‍സരങ്ങള്‍ നടത്തുകയുള്ളൂവെന്നും ഗാംഗുലി സൂചിപ്പിച്ചു. ജര്‍മനിയില്‍ ഫുട്‌ബോള്‍ ലീഗ് ആരംഭിക്കുന്നതിനാല്‍ ഇന്ത്യയിലും ക്രിക്കറ്റ് തുടങ്ങാമല്ലോ എന്ന ആരാധകന്റെ ചോദ്യത്തിന് ജര്‍മനിയെ പോലെയല്ല ഇന്ത്യയെന്നും സാഹചര്യങ്ങളില്‍ വലിയ മാറ്റമുണ്ടെന്നും ഗാംഗുലി പറഞ്ഞു.




Tags:    

Similar News