ലോകകപ്പ് പ്ലേ ഓഫ്; തുര്‍ക്കിയെ പുറത്താക്കി പോര്‍ച്ചുഗല്‍ ഫൈനലിന്
ഒട്ടാവിയോ(15), ഡീഗോ ജോട്ട(42), ന്യുനസ്(ഇഞ്ചുറി ടൈം) എന്നിവര്‍ സ്‌കോര്‍ ചെയ്തു.
പോര്‍ട്ടോ: ലോകകപ്പ് പ്ലേ ഓഫിന്റെ ആദ്യ കടമ്പ കടന്ന് പോര്‍ച്ചുഗല്‍. ഇന്ന് നടന്ന പ്ലേ ഓഫ് സെമിയില്‍ തുര്‍ക്കിയെ 3-1ന് പരാജയപ്പെടുത്തിയാണ് പോര്‍ച്ചുഗലിന്റെ ഫൈനല്‍ പ്രവേശനം. തുടക്കം മുതലെ ആക്രമിച്ച കളിച്ച പോര്‍ച്ചുഗലിനായി ഒട്ടാവിയോ(15), ഡീഗോ ജോട്ട(42), ന്യുനസ്(ഇഞ്ചുറി ടൈം) എന്നിവര്‍ സ്‌കോര്‍ ചെയ്തു.
തുര്‍ക്കിയുടെ ആശ്വാസ ഗോള്‍ യില്‍മാസ് സ്‌കോര്‍ ചെയ്തു. 85ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയും യില്‍മാസ് പാഴാക്കി. 14ാം മിനിറ്റില്‍ എഫ് സി പോര്‍ട്ടോയുടെ താരമായ ഒട്ടാവിയോയിലൂടെയാണ് കപ്പിത്താന്‍മാര്‍ ലീഡെടുത്തത്.മാഞ്ചസ്റ്റര്‍ സിറ്റി താരം ബെര്‍ണാഡോ സില്‍വയുടെ ഷോട്ട് പോസ്റ്റില്‍ തട്ടി മടങ്ങിയിരുന്നു. ഇത് ഒട്ടാവിയോ ഗോളാക്കുകയായിരുന്നു. ലിവര്‍പൂള്‍ താരം ഡീഗോ ജോട്ടയുടെ ഹെഡറിലൂടെ ആയിരുന്നു രണ്ടാം ഗോള്‍ . എസി മിലാന്റെ റാഫേല്‍ ലിയോയുടെ അസിസ്റ്റില്‍ നിന്ന് ന്യൂനസാണ് (സ്‌പോര്‍ട്ടിങ്) പോര്‍ച്ചുഗലിന്റെ മൂന്നാം ഗോള്‍ നേടിയത്. ഫൈനലില്‍ ഇറ്റലിയെ അട്ടിമറിച്ച് വരുന്ന നോര്‍ത്ത് മാസിഡോണിയയാണ് പോര്‍ച്ചുഗലിന്റെ എതിരാളി.