പ്രീമിയര്‍ ലീഗ്; ചെല്‍സിക്ക് ജയം, ലിവര്‍പൂളിന് സമനില, സിറ്റിക്ക് തോല്‍വി
13ാം സ്ഥാനക്കാരായ ക്രിസ്റ്റല്‍ പാലസിനോടാണ് മാഞ്ചസ്റ്റര്‍ സിറ്റി എതിരില്ലാത്ത രണ്ട് ഗോളിന്റെ തോല്‍വി നേരിട്ടത്.
ലണ്ടന്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് ലിവര്‍പൂളിനും സിറ്റിക്കും കാലിടറിയപ്പോള്‍ ചെല്‍സി വമ്പന്‍ ജയം കരസ്ഥമാക്കി. സൗദി ഉടമസ്ഥതയിലുള്ള ന്യൂകാസില്‍ യുനൈറ്റഡിനെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ചെല്‍സി വീഴ്ത്തിയത്. ജെയിംസ് ഇരട്ട ഗോള്‍ നേടിയ മല്‍സരത്തില്‍ ജോര്‍ജ്ജീനോ ഒരു ഗോളും നേടി. ജയത്തോടെ അവര്‍ ഒന്നാം സ്ഥാനത്തെ ലീഡ് വര്‍ദ്ധിപ്പിച്ചു.
വമ്പന്‍ ഫോമിലുള്ള ലിവര്‍പൂളിന് ബ്രിങ്ടണോട് ഇന്ന് സമനില വഴങ്ങേണ്ടി വന്നു. 2-2നാണ് ബ്രിങ്ടണ് ചെമ്പടയെ പിടിച്ചുകെട്ടിയത്. ഹെന്ഡേഴ്സണ് (4), സാദിയോ മാനെ (24) എന്നിവരിലൂടെ ലിവര്‍പൂളാണ് മല്‍സരത്തില്‍ ലീഡെടുത്തത്. മുഹമ്മദ് സലാഹിന്റെ അസിസ്റ്റില്‍ നിന്നായിരുന്നു ഹെന്ഡേഴ്സണ്ന്റെ ഗോള്‍. എന്നാല്‍ 41, 65 മിനിറ്റുകളിലായി ബ്രിങ്ടണ് തിരിച്ചടിക്കുകയായിരുന്നു. ലീഗിലെ 13ാം സ്ഥാനക്കാരായ ക്രിസ്റ്റല്‍ പാലസിനോടാണ് മാഞ്ചസ്റ്റര്‍ സിറ്റി എതിരില്ലാത്ത രണ്ട് ഗോളിന്റെ തോല്‍വി നേരിട്ടത്. ആദ്യപകുതിയല്‍ ലപ്പോര്‍ട്ടെ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത് ചാംപ്യന്മാര്ക്ക് തിരിച്ചടിയായി. 10പേരായി ചുരുങ്ങിയ സിറ്റിക്ക് പിന്നീട് ഉയര്ത്തെഴുന്നേല്ക്കാനായില്ല.
വിജയപാതയില്‍ നില്ക്കുന്ന അര്‍ട്ടേറ്റയുടെ ആഴ്സണല്‍ ഇന്ന് ലെസ്റ്റര്‍ സിറ്റിയെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ചു.