ഫുള്‍ഹാമിനോടും വീണ് ലിവര്‍പൂള്‍; ആന്‍ഫീല്‍ഡില്‍ ആറാം തോല്‍വി
2021ല്‍ ലിവര്‍പൂളിന് ആന്‍ഫീല്‍ഡില്‍ ഒരു മല്‍സരം പോലും ജയിക്കാന്‍ കഴിഞ്ഞിട്ടില്ല.
ആന്‍ഫീല്‍ഡ്: ആന്‍ഫീല്‍ഡിലെ ലിവര്‍പൂളിന്റെ കഷ്ടകാലം അവസാനിക്കുന്നില്ല. ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് നടന്ന മല്‍സരത്തില്‍ ഇത്തരികൂഞ്ഞന്‍മാരായ ഫുള്‍ഹാം ചാംപ്യന്മാരെ വീഴ്ത്തി. ഹോം ഗ്രൗണ്ടായ ആന്‍ഫീല്‍ഡിലെ തുടര്‍ച്ചയായ ആറാം തോല്‍വിക്കാണ് ലിവര്‍പൂള്‍ സാക്ഷ്യം വഹിച്ചത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഫുള്‍ഹാമിന്റെ ജയം. 45ാം മിനിറ്റില്‍ മരിയോ ലെമിനയാണ് ഫുള്‍ഹാമിനായി സ്കോര്‍ ചെയ്തത്. ലീഗില്‍ 18ാം സ്ഥാനത്ത് നില്ക്കുന്ന ഫുള്‍ഹാമിന് മുന്നില്‍ ലിവര്‍പൂള്‍ തകരുകയായിരുന്നു. കൈയ്യില്‍ എണ്ണാവുന്ന അവസരങ്ങള്‍ മാത്രമാണ് ചെമ്പട സൃഷ്ടിച്ചത്.
വന്‍ താരനിരയുള്ള ലിവര്‍പൂളിനെ നിഷ്പ്രഭരാക്കുന്ന പ്രകടനമാണ് ഫുള്‍ഹാം നടത്തിയത്. 2012ന് ശേഷം ആദ്യമായാണ് ഫുള്‍ഹാം ആന്‍ഫീല്‍ഡില്‍ ജയിക്കുന്നത്. 2021ല്‍ ലിവര്‍പൂളിന് ആന്‍ഫീല്‍ഡില്‍ ഒരു മല്‍സരം പോലും ജയിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ഹോം ഗ്രൗണ്ടില്‍ തുടര്‍ച്ചയായ ആറ് മല്‍സരങ്ങള്‍ തോറ്റ രണ്ടാമത്തെ ടീമെന്ന റെക്കോഡും ലിവര്‍പൂളിനായി.നിരവധി മാറ്റങ്ങളുമായാണ് കോച്ച് ക്ലോപ്പ് ഇന്നിറങ്ങിയത്. എന്നാല്‍ മുഹമ്മദ് സലാഹ്, സാദിയോ മാനെ, ജോട്ട തുടങ്ങിയ താരങ്ങള്‍ക്കൊന്നും ഗോള്‍ വലകുലുക്കാനായില്ല. നിലവിലെ ചാംപ്യന്മാരായ ലിവര്‍പൂള്‍ ലീഗില്‍ ഏഴാം സ്ഥാനത്താണ്.