വംശീയാധിക്ഷേപം; ഇംഗ്ലണ്ട്-ബള്‍ഗേറിയാ മല്‍സരം രണ്ട് തവണ തടസ്സപ്പെട്ടു

Update: 2019-10-15 04:29 GMT

സോഫിയാ: യൂറോ യോഗ്യതാ റൗണ്ടില്‍ ഇംഗ്ലണ്ട്-ബള്‍ഗേറിയ മല്‍സരത്തിനിടെ വംശീയാധിക്ഷേപം. മല്‍സരത്തിനിടെ രണ്ടു തവണയാണ് കാണികളില്‍ നിന്നു താരങ്ങള്‍ക്ക് വംശീയാധിക്ഷേപം ഉണ്ടായത്. ഇംഗ്ലണ്ട് താരങ്ങള്‍ക്കെതിരേയാണ് ബള്‍ഗേറിയന്‍ കാണികള്‍ നാസി സല്യൂട്ട് നല്‍കുകയും വംശീയ പരാമര്‍ശങ്ങളോടെ കുരങ്ങന്‍മാരുടെ ചേഷ്ടകള്‍ കാണിക്കുകയും ചെയ്തത്. കറുത്ത വസ്ത്രമണിഞ്ഞെത്തിയ ഒരു സംഘമാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചത്. ഇവരില്‍ ചിലര്‍ മുഖംമൂടിയും അണിഞ്ഞിരുന്നു. തുടര്‍ന്ന് രണ്ട് തവണ മല്‍സരം തടസ്സപ്പെട്ടിരുന്നു. റഫറിയും താരങ്ങളും തമ്മിലുള്ള ചര്‍ച്ചയെ തുടര്‍ന്ന് മല്‍സരം തുടരുകയായിരുന്നു. മല്‍സരം നിര്‍ത്താനായിരുന്നു ഇംഗ്ലണ്ട് താരങ്ങളുടെ തീരുമാനം. എന്നാല്‍ ചര്‍ച്ചയെ തുടര്‍ന്ന് മല്‍സരം വീണ്ടും തുടരുകയായിരുന്നു. നേരത്തെ വംശീയാധിക്ഷേപം ഉണ്ടായാല്‍ മല്‍സരം നിര്‍ത്തി ഗ്രൗണ്ട് വിടാനായിരുന്നു ഇംഗ്ലണ്ട് കോച്ചിന്റെ ഉത്തരവ്. അതിനിടെ ബള്‍ഗേറിയയെ ഇംഗ്ലണ്ട് എതിരില്ലാത്ത ആറ് ഗോളിന് തോല്‍പ്പിച്ചു.

ആദ്യ പകുതിയില്‍ തന്നെ സന്ദര്‍ശകര്‍ നാല് ഗോളിന്റെ ലീഡ് നേടിയിരുന്നു. മാര്‍ക്കസ് റാഷ്‌ഫോര്‍ഡ്(7), ബാര്‍ക്ലേ(20, 32), സ്‌റ്റെര്‍ലിങ്(45, 69), ഹാരി കെയ്ന്‍(85) എന്നിവരാണ് ഇംഗ്ലണ്ടിനായി ഗോള്‍ നേടിയത്. വമ്പന്‍ ജയത്തോടെ 15 പോയിന്റുമായി ഇംഗ്ലണ്ട് ഗ്രൂപ്പ് എയില്‍ ഒന്നാമതെത്തി. ബള്‍ഗേറിയ മൂന്ന് പോയിന്റുമായി ഗ്രൂപ്പില്‍ അവസാന സ്ഥാനത്താണ്.

Tags:    

Similar News