റേഷന്‍ വിതരണ പ്രതിസന്ധി: സര്‍ക്കാര്‍ ജനങ്ങളുടെ അന്നം മുട്ടിക്കുന്നു: പി ജമീല

Update: 2025-01-14 10:29 GMT
റേഷന്‍ വിതരണ പ്രതിസന്ധി: സര്‍ക്കാര്‍ ജനങ്ങളുടെ അന്നം മുട്ടിക്കുന്നു: പി ജമീല

തിരുവനന്തപുരം: റേഷന്‍ വിതരണ മേഖല ഗുരുതരമായ പ്രതിസന്ധിയിലാണെന്നും ജനങ്ങളുടെ അന്നം മുട്ടിക്കാതെ പ്രശ്നം അടിയന്തരമായി പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി പി ജമീല. വിതരണ കരാറുകാരുടെ പണിമുടക്ക് രണ്ടാഴ്ച പിന്നിട്ടതോടെ പല റേഷന്‍ കടകളിലും സാധനങ്ങളുടെ സ്റ്റോക്ക് ഇല്ലാത്തതിനാല്‍ വിതരണം താളം തെറ്റിയിരിക്കുന്നു. കഴിഞ്ഞ സെപ്തംബര്‍ മുതലുള്ള ബില്‍ തുക കുടിശ്ശികയായതിനാലാണ് സാധനങ്ങള്‍ ഗോഡൗണുകളില്‍ നിന്നെടുത്ത് റേഷന്‍ കടകളില്‍ 'വാതില്‍പ്പടി' വിതരണം നടത്തുന്ന കേരള ട്രാന്‍സ്പോര്‍ട്ട് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്‍ (എന്‍എഫ്എസ്എ) ജനുവരി ഒന്നു മുതല്‍ പണിമുടക്ക് ആരംഭിച്ചത്.

വേതന പാക്കേജ് പരിഷ്‌കരിക്കുക, കേന്ദ്ര സര്‍ക്കാരിന്റെ ഡയറക്ട് പേയ്മെന്റ് സംവിധാനം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് റേഷന്‍ കോഡിനേഷന്‍ സംയുക്ത സമിതി 27 മുതല്‍ അനിശ്ചിതകാല സമരവും പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ സേവന ഫീസ് ഇനത്തില്‍ കോടിക്കണക്കിനു രൂപയുടെ കുടിശ്ശികയും വാര്‍ഷിക പരിപാലന കരാര്‍ പുതുക്കാന്‍ സര്‍ക്കാര്‍ തയാറാകാത്തതിനാലും റേഷന്‍ കടകളിലെ ഇ പോസ് യന്ത്രങ്ങളുടെ പരിപാലനം നടത്തുന്ന കമ്പനി ഈ മാസം 31ന് സേവനം നിര്‍ത്തുമെന്നു പ്രഖ്യാപിച്ചിരിക്കുന്നു. ചുരുക്കത്തില്‍ സംസ്ഥാനത്തെ ലക്ഷക്കണക്കിന് സാധാരണക്കാരുടെ അന്നം മുട്ടുന്ന അവസ്ഥയിലാണ് പൊതുവിതരണ രംഗത്തെ പ്രതിസന്ധി. ഭരണ-പ്രതിപക്ഷ കക്ഷികളാവട്ടെ രാഷ്ട്രീയ പോര്‍വിളികളിലും ആരോപണ-പ്രത്യാരോപണങ്ങളിലും മുഴുകി ജനങ്ങളുടെ ക്ഷേമത്തിലും സുരക്ഷയിലും അശ്രദ്ധരായി മാറിയിരിക്കുന്നു. സംസ്ഥാന സര്‍ക്കാര്‍, പ്രത്യേകിച്ച് ഭക്ഷ്യവകുപ്പ് അടിയന്തരമായി ഇടപെട്ട് പ്രതിസന്ധി പരിഹരിക്കാനാവശ്യമായ സത്വരവും സമഗ്രവുമായ നടപടികള്‍ സ്വീകരിക്കണമെന്ന് പി ജമീല ആവശ്യപ്പെട്ടു.

Tags: