റയലിന് തിരിച്ചടി; റഫറിക്കു നേരെ ഐസ് കട്ടയെറിഞ്ഞു; റൂഡിഗറിന് ആറ് മല്‍സരത്തില്‍ വിലക്ക്

സെവിയ്യ: സ്പാനിഷ് കിങ്സ് കപ്പ് (കോപ്പ ഡെല്‍ റേ) ഫൈനലിന്റെ അവസാന നിമിഷം റഫറിക്കു നേരെ ഐസ് കട്ടയെറിഞ്ഞ റയല്‍ മാഡ്രിഡ് പ്രതിരോധക്കാരന്‍ അന്റോണിയോ റൂഡിഗറിന് ആറു മത്സരങ്ങളില്‍നിന്ന് വിലക്ക്. റഫറിക്കു നേരിയുള്ള അതിക്രമത്തിന് പിന്നാലെ റൂഡിഗറിന് ചുവപ്പുകാര്‍ഡ് കിട്ടിയിരുന്നു.
ചിരവൈരികളായ ബാഴ്‌സലോണയുമായുള്ള മത്സരത്തില്‍ റയല്‍ മാഡ്രിഡ് ഒരു ഗോളിന് പുറകില്‍ നില്‍ക്കേ കിലിയന്‍ എംബാപ്പെയെ ബാഴ്സ താരങ്ങള്‍ വീഴ്ത്തിയതിന് റഫറി ഫ്രീകിക്ക് അനുവദിച്ചില്ലെന്നായിരുന്നു റയലിന്റെ വാദം. തുടര്‍ന്ന് വരയ്ക്ക് പുറത്തുണ്ടായിരുന്നു റയല്‍ താരങ്ങള്‍ കൂട്ടത്തോടെ മൈതാനത്തേക്ക് കുതിച്ചു. ഇതിനിടെ റൂഡിഗര്‍ ഐസ് കട്ടയെടുത്ത് മൈതാനത്തേക്ക് എറിയുകയായിരുന്നു. റഫറിക്കുനേരെ തിരിഞ്ഞ ജര്‍മന്‍കാരനെ സഹതാരങ്ങള്‍ ചേര്‍ന്ന് ആയാസപ്പെട്ട് പിടിച്ചുമാറ്റുകയായിരുന്നു. ഇതിന്റെ വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു.
നാലുമുതല്‍ 12 കളിവരെ വിലക്കുകിട്ടാനാണ് സാധ്യതയെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സംഭവത്തില്‍ റൂഡിഗര്‍ പിന്നീടു മാപ്പു പറഞ്ഞെങ്കിലും താരത്തിനെതിരെ നടപടിയെടുക്കുകയായിരുന്നു. ഈ സീസണിലെ റയലിന്റെ ശേഷിക്കുന്ന മത്സരങ്ങള്‍ റൂഡിഗര്‍ പുറത്തിരിക്കണം. അതേസമയം, കാല്‍മുട്ടിന് പരിക്കേറ്റ് ശസ്ത്രക്രിയയ്ക്ക് വിധേയനായ താരം വിശ്രമത്തിലാണ്.
റയല്‍ മാഡ്രിഡുമായുള്ള ആവേശപ്പോരില്‍ 3-2നായിരുന്നു കറ്റാലന്‍മാരുടെ ജയം. മുപ്പത്തിരണ്ടാം തവണയാണ് ബാഴ്സ കിങ്സ് കപ്പില്‍ മുത്തമിടുന്നത്. ജൂലസ് കുണ്ടെ അധികസമയത്ത് തൊടുത്ത ഗോളിലാണ് ബാഴ്സലോണ സ്പാനിഷ് കിങ്സ് കപ്പ് കിരീടം ചൂടിയത്. ക്ലാസികോ പോരിന്റെ എല്ലാ ആവേശവുംനിറഞ്ഞ കളിയില്‍ പെഡ്രിയിലൂടെ ബാഴ്സ ലീഡ് നേടി. കിലിയന്‍ എംബാപ്പെയും ഔര്‍ലിയെന്‍ ചൗമിനിയും റയലിനായി ലക്ഷ്യം കണ്ടു. ഫെറാന്‍ ടോറെസാണ് അവസാന നിമിഷം ബാഴ്സയെ ഒപ്പമെത്തിച്ചത്. ഷൂട്ടൗട്ടിന് നാല് മിനിറ്റ് ശേഷിക്കെയായിരുന്നു കുണ്ടെയുടെ വിജയഗോള്‍.