ചാംപ്യന്‍സ് ലീഗ്; ലിവര്‍പൂളിനെ മെരുക്കാന്‍ ഇന്റര്‍മിലാന്‍; ബയേണിന് എതിരാളി സാല്‍സ്ബര്‍ഗ്
മല്‍സരം രാത്രി 1.30ന് ആരംഭിക്കും.
റോം: ചാംപ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ മല്‍സരങ്ങളുടെ രണ്ടാം ദിവസം ഇംഗ്ലിഷ് ശക്തികളായ ലിവര്‍പൂളും ഇറ്റാലിയന്‍ പ്രമുഖര്‍ ഇന്റര്‍മിലാനും കൊമ്പുകോര്‍ക്കുന്നു. പ്രീമിയര്‍ ലീഗില്‍ മികച്ച ഫോമിലുള്ള ലിവര്‍പൂള്‍ ഇന്ററിനെ തളയ്ക്കാമെന്ന പ്രതീക്ഷയിലാണ്. എന്നാല്‍ ഇറ്റാലിയന്‍ സീരി എയില്‍ കിരീട പ്രതീക്ഷയില്‍ മുന്നിലുള്ള ഇന്ററിന് ലിവര്‍പൂളിനെ പിടിച്ചുകെട്ടാമെന്ന പ്രതീക്ഷയുണ്ട്. താരസമ്പന്നമായ ചെമ്പട നിരയില്‍ മുഹമ്മദ് സലാഹ്, സാദിയോ മാനെ എന്നിവര്‍ അന്താരാഷ്ട്ര ബ്രേക്ക് കഴിഞ്ഞ് തിരിച്ചെത്തിയിട്ടുണ്ട്. ഡീഗോ ജോട്ടാ, അര്‍നോള്‍ഡ്, ലൂയിസ് ഡയസ്സ് എന്നിവരും കൂടി ചേരുമ്പോള്‍ ലിവര്‍പൂളിനെ വീഴ്ത്തുക അസാധ്യമാണ്. എഡിന്‍ ഡസ്‌കോ, ലൗട്ടേരോ മാര്‍ട്ടിന്‍സ്, അലക്‌സിസ് സാഞ്ചസ് എന്നിവരാണ് ഇന്ററിന്റെ തുരുപ്പ് ചീട്ടുകള്‍.മല്‍സരം രാത്രി 1.30ന് ആരംഭിക്കും.
മറ്റൊരു പ്രീക്വാര്‍ട്ടറില്‍ ജര്‍മ്മന്‍ ശക്തികളായ ബയേണ്‍ മ്യുണിക്ക് ഓസ്ട്രിയന്‍ ലീഗിലെ ഒന്നാം സ്ഥാനക്കാരായ ആര്‍ ബി സാള്‍സ്ബര്‍ഗിനെ നേരിടും. ജര്‍മ്മനിയില്‍ ഒന്നാം സ്ഥാനത്തുണ്ടെങ്കിലും ബയേണിന്റെ തനത് ഫോം നിലവില്‍ ഇല്ല. അടുത്തിടെ രണ്ട് മല്‍സരങ്ങളില്‍ അവര്‍ വന്‍ മാര്‍ജിനില്‍ പരാജയപ്പെട്ടിരുന്നു. സാള്‍സ്ബര്‍ഗാവട്ടെ 14 പോയിന്റിന്റെ വന്‍ ലീഡുമായി ഓസ്ട്രിയന്‍ ലീഗില്‍ കരുത്ത് തെളിയിച്ച് നില്‍ക്കുന്നു. ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഓസ്ട്രിയന്‍ ക്ലബ്ബ് ചാംപ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറില്‍ കളിക്കുന്നത്.