വീണ്ടും ഫുട്‌ബോള്‍ ആവേശം; ഐഎസ്എല്‍ ഡെവലപ്പ്‌മെന്റ് ലീഗ് വരുന്നു
ഏഴ് ടീമുകളുടെയും യൂത്ത് ടീമാണ് ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുക.
മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിന്റെ ആവേശം വീണ്ടും കാണികളിലേക്ക് എത്തുന്നു.റിലയന്‍സ് ഫൗണ്ടേഷന്‍ ഡെവലപ്പ്‌മെന്റ് ലീഗ്(ഐഎസ്എല്‍ ഡെവലപ്പ്‌മെന്റ് ലീഗ്) എന്ന പേരിലാണ് ടൂര്‍ണ്ണമെന്റ് വരുന്നത്. ഏപ്രില്‍ 15ന് ആരംഭിക്കുന്ന ടൂര്‍ണ്ണമെന്റ് മെയ്യ് 12ന് അവസാനിക്കും. എട്ട് ടീമുകളാണ് ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുക. ഗോവയിലെ രണ്ട് പ്രധാന വേദികളിലാണ് മല്‍സരം. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കളിക്കുന്ന ഏഴ് ടീമുകള്‍ക്കൊപ്പം റിലയന്‍സ് ഫൗണ്ടേഷന്‍ യങ് ചാംപ്‌സും കളിക്കും. ഏഴ് ടീമുകളുടെയും യൂത്ത് ടീമാണ് ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുക.
ഉദ്ഘാടന മല്‍സരത്തില്‍ ചെന്നൈയിന്‍ എഫ്‌സി എഫ് സി ഗോവയെ നേരിടും. ഇതേ ദിവസം നടക്കുന്ന മറ്റൊരു മല്‍സരത്തില്‍ ബെംഗളൂരു എഫ് സി റിലയന്‍സ് ഫൗണ്ടേഷന്‍ യങ് ചാംപ്‌സിനെ നേരിടും. ഇവര്‍ക്ക് പുറമെ കേരളാ ബ്ലാസ്റ്റേഴ്‌സ്, ഹൈദരാബാദ് എഫ് സി, ജെംഷ്ഡ്പൂര്‍ എഫ്‌സി, മുംബൈ സിറ്റി എന്നിവരുമാണ് ടൂര്‍ണ്ണമെന്റില്‍ കളിക്കുക. പോയിന്റ് നിലയില്‍ മുന്നിലെത്തുന്ന രണ്ട് ടീമുകള്‍ ഈ വര്‍ഷം ലണ്ടനില്‍ ആദ്യമായി നടക്കുന്ന നെക്‌സറ്റ് ജെന്‍ കപ്പില്‍ പ്രീമിയര്‍ ലീഗ് ക്ലബ്ബുകള്‍ക്കൊപ്പം കളിക്കും.
എല്ലാ ടീമുകള്‍ക്കും എട്ട് വീതം മല്‍സരങ്ങള്‍ ഉണ്ടാവും. ഏപ്രില്‍ 16നാണ് ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ മല്‍സരം. എതിരാളികള്‍ ഹൈദരാബാദ് എഫ്‌സിയാണ്. ഇതേ ദിവസം മുംബൈ സിറ്റി ജെംഷഡ്പൂരിനെ നേരിടും. 2001 ജനുവരി ഒന്നിന് ശേഷം ജനിച്ച താരങ്ങളാണ് ടീമിലുണ്ടാവുക. 1999 ജനുവരി ഒന്നിന് ശേഷം ജനിച്ച അഞ്ച് താരങ്ങളെയും ടീമില്‍ ഉള്‍പ്പെടുത്താം.വിദേശ താരങ്ങളെ ഉള്‍പ്പെടുത്താന്‍ കഴിയില്ല.
ഡെവലപ്പ്‌മെന്റ് ലീഗിനായുള്ള ഹൈദരാബാദ് ടീമിനെ മലയാളി പരിശീലകന്‍ ഷമില്‍ ചെമ്പകത്ത് നയിക്കും.കേരളാ ഫുട്‌ബോളിന്റെ ഭാവി പ്രതീക്ഷകളായ റബീഹ്, മുഹമ്മദ് റാഫി, അഭിജിത്ത്, ജോസഫ് സണ്ണി എന്നിവരും ഹൈദരാബാദ് സ്‌ക്വാഡില്‍ ഇടം നേടിയിട്ടുണ്ട്.