ലിവര്‍പൂള്‍ ക്യാപ്റ്റനെ റാഞ്ചി അല്‍ ഇത്തിഫാഖ്; സിറ്റിയുടെ റിയാദ് മെഹറസ് അല്‍ അഹ്‌ലിക്ക് സ്വന്തം
സൗദി പ്രോ ലീഗിനെ ലോകത്തിലെ പ്രധാന അഞ്ച് ലീഗുകളില്‍ ഒന്നാക്കുകയെന്നതാണ് ലക്ഷ്യം.
ആന്‍ഫീല്‍ഡ്: സൗദി അറേബ്യന്‍ ക്ലബ്ബുകളുടെ ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് താരങ്ങളെ സ്വന്തമാക്കുന്ന പരമ്പര തുടരുന്നു. ഏറ്റവും പുതുതായി ലിവര്‍പൂള്‍ ക്യാപ്റ്റന്‍ ജോര്‍ദ്ദന്‍ ഹെന്‍ഡേഴ്‌സണെയും മാഞ്ചസ്റ്റര്‍ സിറ്റിയുടെ റിയാദ് മെഹറസിനെയുമാണ് സൗദി ക്ലബ്ബുകള്‍ സ്വന്തമാക്കിയത്. ലിവര്‍പൂളിന്റെ 33 കാരനായ ഇംഗ്ലണ്ട് താരം ഹെന്‍ഡേഴ്‌സണ്‍ 12 മില്ല്യണ്‍ യൂറോയ്ക്കാണ് അല്‍ ഇത്തിഫാഖുമായി കരാറിലെത്തിയിരിക്കുന്നത്. താരം സൗദിയിലെത്തി കരാറില്‍ ഒപ്പുവച്ചു. മാഞ്ചസറ്റര്‍ സിറ്റിയുടെ അള്‍ജീരിയന്‍ സൂപ്പര്‍ താരം റിയാദ് മെഹറസിനെ അല്‍ അഹ് ലിയാണ് സ്വന്തമാക്കിയത്. 30മില്ല്യണ്‍ യൂറോയാണ് താരത്തിന് ലഭിക്കുക. മുന്‍ ലിവര്‍പൂള്‍ ക്യാപ്റ്റന്‍ സ്റ്റീവ് ജെറാഡ് ആണ് അല്‍ ഇത്തിഫാഖിന്റെ ക്യാപ്റ്റന്‍.
മറ്റൊരു ലിവര്‍പൂള്‍ താരമായ ഫാബിനോയും അല്‍ ഇത്തിഫാഖുമായി കരാറിലെത്തിയിരുന്നു. സിറ്റിയുടെ കെയ്ല്‍ വാള്‍ക്കര്‍, ബെര്‍ണാഡോ സില്‍വ, അയമറിക്ക് ലപ്പോര്‍ട്ടെ എന്നീ താരങ്ങളും ഇക്കുറി സൗദിയിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. സൗദിയിലെ പബ്ലിക്ക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന് കീഴിലാണ് പ്രോ ലീഗിലെ നാല് ക്ലബ്ബുകള്‍. സൗദി പ്രോ ലീഗിനെ ലോകത്തിലെ പ്രധാന അഞ്ച് ലീഗുകളില്‍ ഒന്നാക്കുകയെന്നതാണ് ലക്ഷ്യം.