സന്തോഷ് ട്രോഫി: ആന്‍ഡമാനെ ഗോള്‍ മഴയില്‍ മുക്കി കേരളം
കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ എതിരില്ലാത്ത ഒമ്പതു ഗോളുകള്‍ക്കാണ് കേരളം ആന്‍ഡമാന്‍ നിക്കോബാറിനെ തകര്‍ത്തത്
കൊച്ചി: സന്തോഷ് ട്രോഫി ദക്ഷിണ മേഖലാ ഗ്രൂപ്പ് ബി യോഗ്യതാ മല്‍സരത്തില്‍ ആഡമാന്‍ നിക്കോബാറിനെതിരെ കേരളത്തിന്റെ ഗോള്‍ മഴ.കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍എതിരില്ലാത്ത ഒമ്പതു ഗോളുകള്‍ക്കാണ് കേരളം ആന്‍ഡമാന്‍ നിക്കോബാറിനെ തകര്‍ത്തത്.കേരളത്തിന്റെ തുടര്‍ച്ചയായ രണ്ടാം വിജയമാണിത്.കേരത്തിന് വേണ്ടി ജെസിന്‍,മുഹമ്മദ് സഫ്‌നാദ്,നിജോ ഗില്‍ബര്‍ട്ട് എന്നിവര്‍ രണ്ടു ഗോളുകളുകള്‍ വീതവും അര്‍ജ്ജുന്‍ ജയരാജ്,വിബിന്‍ തോമസ്,സല്‍മാന്‍ എന്നിവര്‍ ഒരോ ഗോളുകള്‍ വീതവും നേടി.
ആദ്യ പകുതിയില്‍ മുന്നു ഗോളുകള്‍ക്ക് മുന്നിലായിരുന്നു കേരളം.39ാം മിനിറ്റില്‍ നിജോയാണ് കേരളത്തിനു വേണ്ടി ആദ്യ ഗോള്‍ നേടിയത്.ആദ്യ പകുതിയുടെ ഇന്‍ജുറി ടൈമിലാണ് ജെസിന്‍ രണ്ടു ഗോളുകള്‍ കൂടി നേടിയതോടെ മൂന്നു ഗോളുടെ ലീഡുമായാണ് ആദ്യ പകുതി അവസാനിച്ചത്.
രണ്ടാം പകുതി ആരംഭിച്ച് 64ാംമിനിറ്റില്‍ വിബിന്‍ തോമസ് വീണ്ടും ആന്‍ഡമാന്റെ വല കുലുക്കി.70ാം മിനിറ്റില്‍ അര്‍ജ്ജുന്‍ ജയരാജും,80ാം മിനിറ്റില്‍,മുഹമ്മദ് സഫ്‌നാദും,81ാം മിനിറ്റില്‍ നിജോ ഗില്‍ബര്‍ട്ടും 85ാം മിനിറ്റില്‍ സല്‍മാനും ആന്‍ഡമാന്‍ നിക്കോബാറിന്റെ വല കുലുക്കിയപ്പോള്‍ രണ്ടാം പകുതിയുടെ ഇന്‍ജുറി ടൈമില്‍ ഒമ്പതാം ഗോള്‍ നേടി മുഹമ്മദ് സഫ്‌നാദ് പട്ടിക പൂര്‍ത്തിയാക്കി.ആദ്യമല്‍സരത്തില്‍ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്കായിരുന്നു ലക്ഷദ്വീപിനെ കേരളം പരാജയപ്പെടുത്തിയിരുന്നത്.ഡിസംബര്‍ അഞ്ചിന് പോണ്ടിച്ചേരിക്കെതിരെയാണ് കേരളത്തിന്റെ അടുത്ത മല്‍സരം.