സന്തോഷ് ട്രോഫി; പഞ്ചാബ് വലയും മറികടന്ന് കേരളം സെമിയിലേക്ക്
ജിജോ ജോസഫിന്റെ ഇരട്ടഗോളാണ് കേരളത്തിന് ഇന്ന് ജയമൊരുക്കിയത്.
മലപ്പുറം: സന്തോഷ് ട്രോഫിയില്‍ പഞ്ചാബിനെതിരായ നിര്‍ണ്ണായക മല്‍സരത്തില്‍ ആദ്യം കിതച്ചെങ്കിലും പിന്നീട് കേരളം കുതിച്ച് സെമിയിലേക്ക് കയറി. പഞ്ചാബിനെ 2-1ന് തകര്‍ത്താണ് ഗ്രൂപ്പ് ചാംപ്യന്‍മാരായി കേരളം സെമിയിലേക്ക് മുന്നേറിയത്. ക്യാപ്റ്റന്‍ ജിജോ ജോസഫിന്റെ ഇരട്ടഗോളാണ് കേരളത്തിന് ഇന്ന് ജയമൊരുക്കിയത്.
ആദ്യപകുതിയില്‍ കേരളവും പഞ്ചാബും ഓരോ ഗോള്‍ വീതം അടിച്ച് പിരിയുകയായിരുന്നു. പഞ്ചാബാണ് മല്‍സരത്തില്‍ ആദ്യം ലീഡെടുത്തത്. 12ാം മിനിറ്റില്‍ മന്‍വീര്‍ സിങ്ങിലൂടെ ആയിരുന്നു അവരുടെ ഗോള്‍. കേരളത്തിന്റെ പ്രതിരോധ പിഴവില്‍ നിന്നായിരുന്നു ഈ ഗോള്‍. തുടര്‍ന്നാണ് കേരളം ആക്രമണം തുടങ്ങിയത്. സല്‍മാനും അര്‍ജ്ജുന്‍ ജയരാജും രണ്ട് അവസരങ്ങള്‍ സൃഷ്ടിച്ചിരുന്നു. 17ാം മിനിറ്റിലാണ് കേരളം സമനില പിടിച്ചത്. അര്‍ജ്ജുന്‍ ജയരാജിന്റെ ക്രോസ് ക്യാപ്റ്റന്‍ ജിജോ ജോസഫ് ഹെഡറിലൂടെ ഗോളാക്കുകയായിരുന്നു. 29ാം മിനിറ്റില്‍ കേരളാ ഗോള്‍കീപ്പര്‍ മിഥുന്‍ പരിക്കേറ്റ് പുറത്തായിരുന്നു. തുടര്‍ന്ന് വലകാത്തത് ഹജ്മലാണ്. പിന്നീട് ഇരുടീമും അവസരങ്ങള്‍ സൃഷ്ടിച്ചുകൊണ്ടേയിരുന്നു.
രണ്ടാം പകുതിയില്‍ കേരളം സല്‍മാന് പകരം നൗഫലിനെ ഇറക്കി. നൗഫലും ഷിഗിലും മികവ് പുറത്തെടുത്തിരുന്നു. ഒരു ഫൗളിനെ തുടര്‍ന്ന് 67ാം മിനിറ്റില്‍ ഇരുടീമും ഏറ്റുമുട്ടിയിരുന്നു. തുടര്‍ന്നും ഇരുടീമും ഒപ്പത്തിനൊപ്പം നിന്നും. പിന്നീട് 86ാം മിനിറ്റിലാണ് കേരളത്തിന്റെ വിജയഗോള്‍ പിറന്നത്.ഇത്തവണയും ജിജോ ജോസഫ് ടീമിന്റെ രക്ഷകനായി.പോസ്റ്റിനരികെ ഒറ്റയ്ക്ക് നിന്ന ജിജോയിലേക്കെത്തിയ പന്ത് താരം അനായാസം വലയിലാക്കി. താരത്തിന്റെ ടൂര്‍ണ്ണമെന്റിലെ അഞ്ചാം ഗോളാണ്. മൂന്ന് ജയവും ഒരു സമനിലയുമായാണ് കേരളത്തിന്റെ സെമിപ്രവേശനം.