സന്തോഷ് ട്രോഫി; കേരളത്തിന്റെ സെമിയിലെ എതിരാളിയെ നാളെ അറിയാം

നിലവിലെ ചാമ്പ്യന്‍മാരായ സര്‍വീസസും ഗുജറാത്തും ഇതിനകം സെമി കാണാതെ പുറത്തായി

Update: 2022-04-24 15:31 GMT





മലപ്പുറം: സന്തോഷ് ട്രോഫി ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പില്‍ ഗ്രൂപ്പ് ബിയിലെ രണ്ടാം സെമി ഫൈനലിസ്്റ്റിനെ നാളെ (25-5-22)അറിയാം. വൈകീട്ട് നാല് മണിക്ക് മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഒഡീഷ സര്‍വീസസിനെ നേരിടും. വൈകീട്ട് 8 മണിക്ക് നടക്കുന്ന രണ്ടാം മത്സരത്തില്‍ കര്‍ണാടകയ്ക്ക് ഗുജറാത്താണ് എതിരാളി. ഒഡീഷയും കര്‍ണാടകയും സെമി ഫൈനലിന് യോഗ്യത നേടാന്‍ സാധ്യതയുള്ള രണ്ട് ടീമുകളാണ്. മൂന്ന് മത്സരങ്ങള്‍ കളിച്ച ഒഡീഷ രണ്ട് ജയവും ഒരു സമനിലയുമായി ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്താണ്. മൂന്ന് മത്സരം കളിച്ച കര്‍ണാടകയ്ക്ക് ഒരു ജയം, ഒരു തോല്‍വി, ഒരു സമനില എന്നിവയുമായി നാല് പോയിന്റാണ് ഉള്ളത്. നിലവിലെ ചാമ്പ്യന്‍മാരായ സര്‍വീസസും ഗുജറാത്തും ഇതിനകം സെമി കാണാതെ പുറത്തായി കഴിഞ്ഞു.


ഒഡീഷക്ക് സെമി ഫൈനലിന് യോഗ്യത നേടാന്‍ സര്‍വീസസിനെതിരെ തോല്‍ക്കാതിരിക്കണം. ഒഡീഷ സര്‍വീസസിനെ പരാജയപ്പെടുത്തിയാല്‍ പത്ത് പോയിന്റോടെ ഗ്രൂപ്പ് ചാമ്പ്യന്‍മാരായി സെമിക്ക് യോഗ്യത നേടാം. സമനിലയാണ് ഫലമെങ്കില്‍ രണ്ടാം സ്ഥനക്കാരായി യോഗ്യത നേടാം. സര്‍വീസസ് ഒഡീഷയെ പരാജയപ്പെടുത്തുകയും ഗുജറാത്തിനെതിരെ വലിയ വിജയം നേടുകയും ചെയ്താല്‍ കര്‍ണാടകയ്ക്ക് സെമിക്ക് യോഗ്യത നേടാം. മണിപ്പൂര്‍ ഗ്രൂപ്പ് ബിയില്‍ നിന്ന് ഇതിനകം യോഗ്യത നേടി കഴിഞ്ഞു. കഴിഞ്ഞ ദിവസം മണിപ്പൂരിനെതിരെയുള്ള തോല്‍വിയാണ് കര്‍ണാടകയ്ക്ക് തിരിച്ചടിയായത്.


അവസാന രണ്ട് മത്സരങ്ങളില്‍ ഗംഭീര പ്രകടനം നടത്തിയാണ് ഒഡീഷ സര്‍വീസസിനെതിരെ നിര്‍ണായക മത്സരത്തിന് ഇറങ്ങുന്നത്. മൂര്‍ച്ചയുള്ള അറ്റാകിങും ശക്തമായ പ്രതിരോധവും തന്നെയാണ് ഒഡീഷയുടെ കരുത്ത്. മൂന്ന് മത്സരങ്ങളില്‍ നിന്നായി ഏഴ് ഗോളാണ് ടീം അടിച്ച് കൂട്ടിയത്. അതിവേഗം അറ്റാകിങ്ങാണ് ടീമിന്റെ മറ്റൊരു ശക്തി. ബോളുമായി പ്രതിരോധ താരങ്ങള്‍ക്കിയടയിലൂടെ അധിവേഗം മുന്നേറി ഗോള്‍ നേടലാണ് ടീമിന്റെ ശൈലി. മണിപ്പൂരിനെതിരെയും ഗുജറാത്തിനെതിരെയും ആ പ്രകടനം കണ്ടതാണ്. കഴിഞ്ഞ മത്സരത്തില്‍ മുന്‍ മുബൈ സിറ്റി താരം രാകേഷ് ഓറത്തിന്റെ നേതൃത്വത്തിലുള്ള പ്രതിരോധ നിര ഗോള്‍ വഴങ്ങിയെങ്കിലും പ്രതിരോധം ശക്തം തന്നെയാണ്. അവസാന മത്സരത്തില്‍ കര്‍ണാടയ്ക്കെതിരെ പരാജയപ്പെട്ടാണ് സര്‍വീസസിന്റെ വരവ്. അവസാന മത്സരത്തില്‍ വിജയം നേടി ഗ്രൂപ്പില്‍ മെച്ചപ്പെട്ട സ്ഥാനത്ത് ഫിനിഷ് ചെയ്യാനാകും ടീം ശ്രമിക്കുക.


ആദ്യ നടക്കുന്ന ഒഡീഷ സര്‍വീസസ് മത്സരഫലം കര്‍ണാടകയ്ക്ക് അനുകൂലമായാല്‍ പയ്യനാട് ഒരു ജീവന്‍മരണ പോരാട്ടത്തിനാകും സാക്ഷിയാകുക. മറിച്ചാണെങ്കില്‍ മത്സരത്തിന്റെ പ്രസക്തി ഇല്ലാതാകും. അവസാന മത്സരത്തിന് ഇറങ്ങുന്ന കര്‍ണാടകയും ഗുജറാത്തും വിജയത്തോടെ അവസാനിപ്പിക്കാനാകും ശ്രമിക്കുക.





Tags:    

Similar News