സൗദി പ്രോ ലീഗിന്റെ മാറ്റ് ഇരട്ടിക്കും; നെയ്മര്‍ അല്‍ ഹിലാലിലേക്ക് തന്നെ
2017-ല്‍ ലോക റെക്കോഡ് തുകയായിരുന്ന 222 ദശലക്ഷം ഡോളറിനാണ് നെയ്മര്‍ പി.എസ്.ജി.യിലെത്തിയിരുന്നത്.
റിയാദ്: പിഎസ്ജിയുടെ ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ അല്‍ ഹിലാലിന്റെ കരാര്‍ സ്വീകരിച്ചതായി റിപ്പോര്‍ട്ട്. സൗദി പ്രോലീഗ് ക്ലബ്ബായ അല്‍ ഹിലാല്‍ നേരത്തെ തന്നെ നെയ്മര്‍ക്ക് പിന്നാലെ ഉണ്ടായിരുന്നു. സൗദി ക്ലബ് അധികൃതരുടെ കരാര്‍ പി.എസ്.ജി. സ്വീകരിച്ചതായി ബ്രസീലിലെ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. രണ്ടു വര്‍ഷത്തെ കരാറിലാണ് ഒപ്പിടുക. ഏകദേശം നൂറ് ദശലക്ഷം ഡോളറിന്റെ കരാറാണെന്നാണ് സൂചന.
ട്രാന്‍സ്ഫര്‍ വിദഗ്ധന്‍ ഫാബ്രിസിയോ റൊമാനോയ നെയ്മറിനു മുന്നില്‍ അല്‍ ഹിലാല്‍ വമ്പന്‍ ഓഫര്‍ വെച്ചതായി പ്രഖ്യാപിച്ചിരുന്നു. നെയ്മര്‍ ഈ ട്രാന്‍സ്ഫര്‍ അംഗീകരിച്ചതായും അദ്ദേഹം ട്വീറ്റ് ചെയ്തു. ട്രാന്‍സ്ഫറുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി നെയ്മറിന്റെ പിതാവ് സൗദിയിലേക്ക് പുറപ്പെട്ടതായി ഇ.എസ്.പി.എന്‍. ബ്രസീലും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
2017-ല്‍ ലോക റെക്കോഡ് തുകയായിരുന്ന 222 ദശലക്ഷം ഡോളറിനാണ് നെയ്മര്‍ പി.എസ്.ജി.യിലെത്തിയിരുന്നത്. പി.എസ്.ജി.യില്‍ ഇതുവരെ 112 മത്സരങ്ങളില്‍നിന്നായി 82 ഗോളുകള്‍ നെയ്മര്‍ സ്‌കോര്‍ ചെയ്തു. നേരത്തേ പി.എസ്.ജി. ക്ലബ്ബില്‍ കളിച്ചിരുന്ന മെസി അമേരിക്കന്‍ ക്ലബ്ബായ ഇന്റര്‍മയാമിയിലേക്ക് മാറിയിരുന്നു. കിലിയന്‍ എംബാപ്പെയും ക്ലബ്ബ് വിടാനുള്ള ഒരുക്കത്തിലാണ്. കഴിഞ്ഞ മാസം അല്‍ ഹിലാല്‍ 300 മില്യണ്‍ യൂറോയുടെ ഓഫര്‍ ക്ലബ്ബ് പി.എസ്.ജിയുടെ കിലിയന്‍ എംബാപ്പെയ്ക്ക് മുന്നില്‍ വെച്ചിരുന്നു.അല്‍ നസറിന്റെ ചിരവൈരികളായ അല്‍ ഹിലാലില്‍ നെയ്മര്‍ എത്തുന്നതോടെ ലീഗിന്റെ മാറ്റ് 100 ഇരട്ടി വര്‍ദ്ധിക്കും. ലീഗില്‍ ഇനി ക്രിസ്റ്റിയാനോ- നെയ്മര്‍ പോരാട്ടത്തിനും സൗദി കാതോര്‍ക്കും.