അസിസ്റ്റ് ഒരുക്കിയും പെനാല്‍റ്റി മിസ്സാക്കിയും ഇബ്രാ; സീരി എയില്‍ റോമയ്‌ക്കെതിരേ ജയം

സ്വീഡിഷ് സൂപ്പര്‍ താരം സാള്‍ട്ടന്‍ ഇബ്രാഹിമോവിച്ച് ഒരു ഗോളിന് വഴിയൊരുക്കി.

Update: 2022-01-07 04:25 GMT


മിലാന്‍: ഇറ്റാലിയന്‍ സീരി എയില്‍ എഎസ് റോമയ്‌ക്കെതിരേ നടന്ന ആവേശകരമായ മല്‍സരത്തില്‍ എസി മിലാന് ജയം. 3-1നാണ് റോമയെ മിലാന്‍ പരാജയപ്പെടുത്തിയത്. ജയത്തോടെ മിലാന്‍ ഇന്ററിനേക്കാള്‍ ഒരു പോയിന്റ് വ്യത്യാസത്തില്‍ രണ്ടാം സ്ഥാനത്ത് തുടരുന്നു. മിലാനായി ഒലിവര്‍ ജിറൗഡ് പെനാല്‍റ്റിയിലൂടെ എട്ടാം മിനിറ്റില്‍ ലക്ഷ്യം കണ്ടും.മെസ്സിയാസ് (17), കാന്‍സിയോ ലിയോ (81) എന്നിവരും മിലാനായി സ്‌കോര്‍ ചെയ്തു. സ്വീഡിഷ് സൂപ്പര്‍ താരം സാള്‍ട്ടന്‍ ഇബ്രാഹിമോവിച്ച് ഒരു ഗോളിന് വഴിയൊരുക്കി. എന്നാല്‍ ഇഞ്ചുറി ടൈമില്‍ ലഭിച്ച പെനാല്‍റ്റി താരം പാഴാക്കി. മറുവശത്ത് കൊവിഡ് ഭേദമായി തിരിച്ചെത്തിയ ടാമി എബ്രഹാം റോമയുടെ ആശ്വാസ ഗോള്‍ 40ാം മിനിറ്റില്‍ നേടി. റോമയുടെ കരാസ്‌ട്രോപ്പ്, മാന്‍സിനി എന്നിവര്‍ക്ക് മല്‍സരത്തില്‍ ചുവപ്പ് കാര്‍ഡും ലഭിച്ചു.




 


റോമ ലീഗില്‍ ഏഴാം സ്ഥാനത്താണ്. ഇന്ന് നടന്ന മറ്റൊരു മല്‍സരത്തില്‍ നപ്പോളിയെ 1-1 സമനിലയില്‍ കുരുക്കി യുവന്റസ്. യുവന്റസിനായി ഫെഡറിക്കേ ചീസയാണ് സ്‌കോര്‍ ചെയ്തത്. ലീഗില്‍ നപ്പോളി മൂന്നാം സ്ഥാനത്തും യുവന്റസ് അഞ്ചാം സ്ഥാനത്തുമാണ്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് നാല് മല്‍സരങ്ങളാണ് ലീഗില്‍ ഇന്ന് മാറ്റിവച്ചത്. ഒന്നാം സ്ഥാനത്തുള്ള ഇന്റര്‍മിലാന്‍, നാലാം സ്ഥാനത്തുള്ള അറ്റ്‌ലാന്റാ എന്നിവരുടെ മല്‍സരങ്ങളും ഇതില്‍പ്പെടും.


Tags:    

Similar News