ചാംപ്യന്‍സ് ലീഗില്‍ റയല്‍ മാഡ്രിഡിനെ ഷെരീഫ് തിരാസ്‌പോള്‍ വീണ്ടും അട്ടിമറിക്കുമോ?
ഹോം ഗ്രൗണ്ടിലെ അട്ടിമറിക്ക് പകരം വീട്ടാനാണ് റയല്‍ ഇന്ന് മാള്‍ഡോവയില്‍ എത്തിയത്.
ഷിസിനോ: ചാംപ്യന്‍സ് ലീഗില്‍ ഗ്രൂപ്പ് ഡിയില്‍ ഇന്ന് നിര്‍ണ്ണായക മല്‍സരങ്ങള്‍. ആദ്യ മല്‍സരത്തില്‍ റയല്‍ മാഡ്രിഡ് ഷെരീഫ് തിരാസ്‌പോളിനെ നേരിടും. രാത്രി 1.30നാണ് മല്‍സരം. ഗ്രൂപ്പില്‍ റയല്‍ ഒമ്പത് പോയിന്റുമായി ഒന്നാം സ്ഥാനത്താണ്. മാള്‍ഡോവന്‍ ക്ലബ്ബ് ആറ് പോയിന്റുമായി മൂന്നാം സ്ഥാനത്താണ്. ആദ്യ പാദത്തില്‍ ഇരുടീമും ഏറ്റുമുട്ടിയപ്പോള്‍ 2-1ന്റെ തോല്‍വിയാണ് റയല്‍ വഴങ്ങിയത്. ഹോം ഗ്രൗണ്ടിലെ അട്ടിമറിക്ക് പകരം വീട്ടാനാണ് റയല്‍ ഇന്ന് മാള്‍ഡോവയില്‍ എത്തിയത്. എന്നാല്‍ റയലിനെ വീണ്ടും അട്ടിമറിക്കാനാണ് ഷെരീഫ് തിരാസ്‌പോളിന്റെ ലക്ഷ്യം.
ഉക്രെയ്ന്‍ ക്ലബ്ബ് ശക്തര്‍ ഡൊണറ്റ്‌സക്കിനെയും മാള്‍ഡോവന്‍ ക്ലബ്ബ് അട്ടിമറിച്ചിരുന്നു. ഇന്ന് ജയിച്ചാല്‍ തിരാസ്‌പോളിന് പോയിന്റ് നിലയില്‍ റയലിനൊപ്പമെത്താം. റയലാണ് ജയിക്കുന്നതെങ്കില്‍ അവര്‍ക്ക് പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കാം. രണ്ടാം സ്ഥാനത്തുള്ള ഇന്റര്‍മിലാന്റെ ഇന്നത്തെ എതിരാളി ശക്തര്‍ ഡൊണറ്റ്‌സക്കാണ്. ഇന്ന് ജയിച്ചാല്‍ ഇന്ററിനും പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷ നിലനിര്‍ത്താം. ഗ്രൂപ്പിലെ അവസാന മല്‍സരത്തില്‍ റയലും ഇന്ററും നേര്‍ക്കുനേര്‍ വരുന്നുണ്ട്. ഇതിനെ മുന്നേ ലീഡെടുക്കാനാണ് ഇരുടീമിന്റെയും ലക്ഷ്യം.