ലാറ്റിന്‍ അമേരിക്കയില്‍ നാളെ സൂപ്പര്‍ പോരാട്ടം; ബ്രസീല്‍-കൊളംബിയക്കെതിരേ

ബ്യൂണസ് ഐറിസ്: 2026 ലോകകപ്പ് ലാറ്റിന്‍ അമേരിക്കന്‍ യോഗ്യതാ മല്‍സരങ്ങളില്‍ ബ്രസീല്‍ നാളെ ഇറങ്ങും. കരുത്തരായ കൊളംബിയയാണ് ബ്രസീലിന്റെ എതിരാളി. നാളെ പുലര്‍ച്ചെ ഇന്ത്യന്‍ സമയം അഞ്ച് മണിക്ക് ബ്രസീലില്‍ ആണ് മല്‍സരം നടക്കുന്നത്. നിലവില്‍ പോയിന്റ് നിലയില്‍ ബ്രസീല്‍ അഞ്ചാം സ്ഥാനത്താണ്. ബ്രസീലിന് യോഗ്യത ഉറപ്പിക്കണമെങ്കില്‍ തുടര്‍ മല്‍സരങ്ങള്‍ ജയിച്ചേ മതിയാകൂ. സൂപ്പര്‍ താരം നെയ്മര്‍ ടീമില്‍ ഇടം നേടിയിരുന്നെങ്കിലും ഫിറ്റാവാത്തതിനെ തുടര്‍ന്ന് സ്‌ക്വാഡില്‍ നിന്ന് പുറത്താവുകയായിരുന്നു.
ലൂക്കാസ് പക്വേറ്റ്, എഡേഴ്‌സണ്‍, ഇഗോര്‍ ജെസ്യൂസ്, ലൂക്കാസ് മോറ, ഓസ്‌കര്‍ എന്നിവരും മഞ്ഞപ്പടയ്ക്കായി ഇറങ്ങില്ല. എഡര്‍ മിലിറ്റാവോ, ഡാനിയോല, റിച്ചാലിസണ്‍ എന്നിവരും കളിക്കില്ലെന്നാണ് സൂചന. കൊളംബിയന്‍ നിരയില്‍ ആര്‍ക്കും പരിക്കിന്റെ ഭീഷണിയില്ല. മികച്ച ടീമാണ് കാനറികള്‍ക്കെതിരേ ഇറങ്ങുന്നത്. പരിചയസമ്പന്നനായ ജെയിംസ് റൊഡ്രിഗസ് ആണ് ടീമിന്റെ കൂന്തുമുന.ബാഴ്‌സാ താരം റഫീനയും റയല്‍ താരം വിനീഷ്യസ് ജൂനിയറുമാണ് ബ്രസീലിന്റെ പ്രതീക്ഷ. യോഗ്യതാ റൗണ്ട് പോയിന്റ് നിലയില്‍ കൊളംബിയ നാലാം സ്ഥാനത്താണ്.
ബ്രസീല്‍ സാധ്യതാ സ്റ്റാര്‍ട്ടിങ് ലൈനപ്പ്:
അലിസന്‍ ബെക്കര്‍(ഗോളി); വാന്‍ഡേഴ്സണ്‍, മാര്‍ക്കിഞ്ഞോസ്, ഗബ്രിയേല്‍, അലെക്സ് സാന്‍ഡ്രോ(പ്രതിരോധം); ജെഴ്സണ്‍, ബ്രൂണോ ഗ്വിമാറിയാസ്(മധ്യനിര); റോഡ്രിഗോ, റഫീഞ്ഞ, വിനിഷ്യസ് ജൂനിയര്‍(മുന്നേറ്റനിര); കൂഞ്ഞ(സെന്‍ട്രല്‍ സ്ട്രൈക്കര്‍).
കൊളംബിയ സാധ്യതാ സ്റ്റാര്‍ട്ടിങ് ലൈനപ്പ്:
വര്‍ഗാസ്(ഗോളി); മുനോസ്, ലുകുമി, സാഞ്ചെസ്, മോജിക്ക(പ്രതിരോധം); ലെര്‍മ, റിയോസ്(മധ്യനിര); അരിയാസ്, ലൂയിസ് ഡിയാസ്, ജെയിംസ് റോഡ്രിഗസ്(മുന്‍നിര); ഡുറാന്‍(സെന്‍ട്രല്‍ സ്ട്രൈക്കര്‍)