സൂപ്പര്‍ ലീഗ് കേരള; തിരുവനന്തപുരം കൊമ്പന്‍സ് ഇന്ന് കാലിക്കറ്റ് എഫ്സിക്കെതിരെ
രണ്ടാം മത്സരത്തില്‍ കണ്ണൂര്‍ വാരിയേഴ്സ് തൃശൂര്‍ മാജിക്ക് എഫ്സിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയിരുന്നു.
കോഴിക്കോട്: സൂപ്പര്‍ ലീഗ് കേരളയില്‍ ഇന്ന് കാലിക്കറ്റ് എഫ്സി തിരുവനന്തപുരം കൊമ്പന്‍സ് എഫ്സിയെ നേരിടും. കാലിക്കറ്റ് എഫ്സിയുടെ ഹോം ഗ്രൗണ്ടായ ഇഎംഎസ് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. വൈകുന്നേരം ഏഴിനാണ് മത്സരം. 2021-22 സീസണില്‍ കേരളത്തിന് സന്തോഷ് ട്രോഫി നേടിക്കൊടുത്ത ജിജോ ജോസഫ് നയിക്കുന്ന കാലിക്കറ്റ് എഫ്‌സിയില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ മുന്‍ താരമായിരുന്ന കെര്‍വന്‍സ് ബെല്‍ഫോര്‍ട്ടാണ് പ്രധാന സ്ട്രൈക്കര്‍. ബെല്‍ഫോര്‍ട്ടിനെ കൂടാതെ സെനഗല്‍ താരങ്ങളായ പാപെ ഡയകെറ്റ്, ബോബാകര്‍ സിസോകോ, ഘാന താരങ്ങളായ ജെയിംസ് അഗ്യേകം കൊട്ടെയ്, റിച്ചാര്‍ഡ് ഒസെയ് അഗ്യെമാങ്, ഏണസ്റ്റ് ബാര്‍ഫോ എന്നിവരാണ് ടീമിലെ മറ്റ് വിദേശ താരങ്ങള്‍. അബ്ദുള്‍ ഹക്കു, താഹിര്‍ സമാന്‍, വി അര്‍ജുന്‍ തുടങ്ങിയ മലയാളി താരങ്ങളും ടീമിന് കരുത്തേകും.
മറുവശത്ത് തിരുവന്തന്തപുരം കൊമ്പന്‍സും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ആദ്യ മത്സരത്തില്‍ ജയിച്ചു തുടങ്ങാനുറച്ചാണ് അവര്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ മത്സരിക്കാനിറങ്ങുന്നത്. ബ്രസീലിയന്‍ താരമായ പാട്രിക് മോത്തയാണ് ടീമിന്റെ നായകന്‍. നായകനുള്‍പ്പെടെ ആറ് താരങ്ങളും ബ്രസീലില്‍ നിന്നുള്ളവരാണ്. ഡാവി ഖുന്‍, മൈക്കല്‍ അമേരികോ, റെനാന്‍ ജനോറിയോ, ഓട്ടോമെര്‍ ബിസ്‌പോ, മാര്‍കോസ് വില്‍ഡര്‍ എന്നിവരാണ് ടീമിലെ വിദേശ താരങ്ങള്‍.
ഇന്നലെ നടന്ന സൂപ്പര്‍ ലീഗ് കേരളയിലെ രണ്ടാം മത്സരത്തില്‍ കണ്ണൂര്‍ വാരിയേഴ്സ് തൃശൂര്‍ മാജിക്ക് എഫ്സിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയിരുന്നു. മലപ്പുറം എഫ്സിയും നടന്‍ പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള ഫോഴ്സ എഫ്സി കൊച്ചിയും തമ്മില്‍ നടന്ന സൂപ്പര്‍ ലീഗിലെ പ്രഥമ മത്സരത്തില്‍ മലപ്പുറം എഫ്സി എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് വിജയിച്ചിരുന്നു.