ജനുവരി ട്രാന്‍സ്ഫര്‍; ഹാലന്‍ഡിനായി റയല്‍; ഖദീര എവര്‍ട്ടണിലേക്ക്
ജര്‍മ്മനിയുടെ സമി ഖദീര ഇംഗ്ലിഷ് ക്ലബ്ബ് എവര്‍ട്ടണിലേക്ക് വരുന്നതാണ്.
മാഡ്രിഡ്:ജനുവരി ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ വമ്പന്‍ കൈമാറ്റങ്ങള്‍ക്കൊരുങ്ങി യൂറോപ്പ്യന്‍ ഫുട്‌ബോള്‍. നോര്‍വെയുടെ പുത്തന്‍ താരോദയമായ എറിലിങ് ഹാലന്‍ഡിന് പിറകെയാണ് വന്‍ ക്ലബ്ബുകള്‍. ജര്‍മ്മന്‍ ക്ലബ്ബ് ബോറൂസിയാ ഡോര്‍ട്ട്മുണ്ട് താരമായ ഹാലന്‍ഡിനായി ബാഴ്‌സലോണയും റയല്‍ മാഡ്രിഡുമാണ് അങ്കം. താരത്തിനെ സ്വന്തമാക്കുമെന്ന ആത്മവിശ്വാസത്തിലാണ് റയല്‍. പുതുവര്‍ഷത്തില്‍ നടക്കുന്ന മറ്റൊരു പ്രധാന ട്രാന്‍സ്ഫര്‍ ജര്‍മ്മനിയുടെ സമി ഖദീര ഇംഗ്ലിഷ് ക്ലബ്ബ് എവര്‍ട്ടണിലേക്ക് വരുന്നതാണ്. താരത്തിന്റെ യുവന്റസുമായുള്ള കരാര്‍ അവസാനിച്ചിരിക്കുകയാണ്. പ്രീമിയര്‍ ലീഗില്‍ മികച്ച ഫോമിലുള്ള എവര്‍ട്ടണ്‍ യുവന്റസ് മദ്ധ്യനിര താരത്തിനോട് ഇതിനോടകം ചര്‍ച്ച നടത്തികഴിഞ്ഞു. ലിവര്‍പൂള്‍ മദ്ധ്യനിര താരം ജൊര്‍ജ്ജീനോ വിജന്‍ല്‍ഡം ക്ലബ്ബ് വിട്ടേക്കുമെന്നാണ് റിപ്പോര്‍ട്ട്. താരത്തിന്റെ കരാര്‍ അവസാനിച്ചെന്നും കരാര്‍ പുതുക്കുന്നതുമായുള്ള ചര്‍ച്ചകള്‍ തുടരുകയാണെന്നുമാണ് ലിവര്‍പൂളിന്റെ വാദം. താരത്തിന് മറ്റ് ക്ലബ്ബുകളുമായി ചര്‍ച്ചകള്‍ നടത്താന്‍ ലിവര്‍പൂള്‍ അനുവാദം നല്‍കിയിട്ടുണ്ട്. മിന്നും ഫോമിലുള്ള ആസ്റ്റണ്‍ വില്ലയുടെ മദ്ധ്യനിര താരം ജാക്ക് ഗ്രീലിഷിനെ ടീമിലെത്തിക്കാന്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് രംഗത്തുണ്ട്. ടോട്ടന്‍ഹാമിന്റെ ഫ്രഞ്ച് ഗോള്‍കീപ്പറായ ഹ്യൂഗോ ലോറിസ് പിഎസ്ജിയിലേക്ക് നീങ്ങിയേക്കും. റയല്‍ മാഡ്രിഡിന്റെ സ്‌പെയിന്‍ താരം ഇസ്‌കോയെ റാഞ്ചാന്‍ ആഴ്‌സണലും മുന്നിലുണ്ട്. എന്നാല്‍ ഇസ്‌കോയെ ഈ സീസണില്‍ റിലീസ് ചെയ്യുമോ എന്ന കാര്യത്തില്‍ സംശയമാണ്. വെസ്റ്റ് ബ്രൂമിന്റെ വെയ്ല്‍സ് താരം ഡാനിയേല്‍ ജെയിംസ് മാഞ്ച്‌സറ്റര്‍ യുനൈറ്റഡുമായി കരാര്‍ ഒപ്പുവെച്ചു. മാഞ്ച്‌സറ്റര്‍ സിറ്റിയുടെ സ്‌പെയിന്‍ താരം എറിക് ഗാര്‍ഷ്യയയെ ബാഴ്‌സലോണ സ്വന്തമാക്കും. ഇതിനായുള്ള അവസാന വട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. സ്‌ട്രോസ്ബര്‍ഗിന്റെ ഫ്രഞ്ച് ഡിഫന്‍ഡറായ മുഹമ്മദ് സിംഖാനായി ചെല്‍സി, എ സി മിലാന്‍, നൈസ് എന്നിവര്‍ രംഗത്തുണ്ട്.