നേഷന്‍സ് ലീഗ്: പോര്‍ച്ചുഗല്‍ ഇന്ന് ക്രൊയേഷ്യക്കെതിരേ; റൊണാള്‍ഡോ കളിച്ചേക്കില്ല
മൂന്നുതവണ ഇരുടീമും നേര്‍ക്കുനേര്‍ വന്നപ്പോള്‍ ഒരുതവണ പോര്‍ച്ചുഗല്‍ ജയിക്കുകയും രണ്ട് മല്‍സരങ്ങള്‍ സമനിലയിലാവുകയും ചെയ്തിരുന്നു.
ലിസ്ബണ്‍: യുവേഫാ നേഷന്‍സ് ലീഗില്‍ നിലവിലെ ചാംപ്യന്‍മാരായ പോര്‍ച്ചുഗല്‍ ഇന്ന് ക്രൊയേഷ്യയെ നേരിടും. റഷ്യന്‍ ലോകകപ്പ് ഫൈനലിസ്റ്റുകളായ ക്രൊയേഷ്യയെ നേരിടുക പോര്‍ച്ചുഗലിന് എളുപ്പമായിരിക്കില്ല. മൂന്നുതവണ ഇരുടീമും നേര്‍ക്കുനേര്‍ വന്നപ്പോള്‍ ഒരുതവണ പോര്‍ച്ചുഗല്‍ ജയിക്കുകയും രണ്ട് മല്‍സരങ്ങള്‍ സമനിലയിലാവുകയും ചെയ്തിരുന്നു. കൂടാതെ പോര്‍ച്ചുഗലിന്റെ സൂപ്പര്‍ താരം റൊണാള്‍ഡോ ഇന്ന് കളിച്ചേക്കില്ല.
താരം പൂര്‍ണ കായികക്ഷമത കൈവരിച്ചില്ലെന്നാണ് കോച്ച് ഫെര്‍ണാണ്ടോ സാന്റോസ് അറിയിച്ചത്. പരിശീലനത്തിനിടെ താരത്തിന്റെ മസിലിന് വേദന അനുഭവപ്പെട്ടിരുന്നു. പിന്നീട് പരിശീലനത്തിന് ഇറങ്ങിയെങ്കിലും പൂര്‍ണ്ണ കായികക്ഷമത റൊണാള്‍ഡോ നേടിയിട്ടില്ലെന്നും കോച്ച് അറിയിച്ചു. അന്തിമ ഇലവന്‍ പ്രഖ്യാപിക്കുമ്പോള്‍ മാത്രമേ താരം കളിക്കുന്ന കാര്യത്തില്‍ വ്യക്തതവരികയൂള്ളൂ.
അന്താരഷ്ട്ര മല്‍സരങ്ങളില്‍ 99 ഗോളുമായി റൊണാള്‍ഡോയാണ് മുന്നിലുള്ളത്. കഴിഞ്ഞ 10 മാസമായി താരം 99 ല്‍ നില്‍ക്കുകയാണ്. ഇന്ന് കളിച്ചാല്‍ താരത്തിന് റെക്കോഡ് 100 ഗോള്‍ ആക്കാനുള്ള അപൂര്‍വ അവസരമാണ്. 72 ഗോളുമായി ഇന്ത്യയുടെ സുനില്‍ ഛേത്രി രണ്ടാം സ്ഥാനത്തും 70 ഗോളുമായി മെസ്സി മൂന്നാം സ്ഥാനത്തുമാണുള്ളത്.
ഡാനിലോ, റിനാറ്റോ സാഞ്ചസ്, ആന്‍്രേഡ സില്‍വ, ജോ ഫെലിക്സ്, ബെര്‍ണാഡോ സില്‍വ, ബ്രൂണോ ഫെര്‍ണാണ്ടസ്, റൂബന്‍ ഡിയാസ് തുടങ്ങിയ പ്രമുഖ താരങ്ങളാണ് പോര്‍ച്ചുഗലിന്റെ ശക്തി. എല്ലാ താരങ്ങളും യൂറോപ്പിലെ വിവിധ ലീഗുകളില്‍ കഴിഞ്ഞ സീസണില്‍ മികവ് തെളിയിച്ചവരാണ്. മാറ്റിയോ കോവാസിച്ച്, ആന്റെ റെബിക്, ഇവാന്‍ പെരിസിച്ച് എന്നിവരടങ്ങിയ താരങ്ങളാണ് ക്രൊയേഷ്യയുടെ കരുത്ത്.