ലോകകപ്പ് യോഗ്യത; അടിതെറ്റി അര്‍ജന്റീന; രക്ഷയില്ലാതെ ബ്രസീല്‍

25ാം മിനിറ്റില്‍ മൊസക്വീറയും 60ാം മിനിറ്റില്‍ ജെയിംസ് റൊഡ്രിഗസുമാണ് മുന്‍ ലാറ്റിന്‍ അമേരിക്കന്‍ ശക്തികള്‍ക്കായി സ്‌കോര്‍ ചെയ്തത്.

Update: 2024-09-11 05:34 GMT

സാവോപോളോ: ലാറ്റിന്‍ അമേരിക്കന്‍ ലോകകപ്പ് യോഗ്യതാ മല്‍സരങ്ങളില്‍ ലോക ചാംപ്യന്‍മാരായ അര്‍ജന്റീനയ്ക്കും ശക്തരായ ബ്രസീലിനും തോല്‍വി. ഇന്ന് രാവിലെ നടന്ന മല്‍സരങ്ങളില്‍ കോപ്പാ അമേരിക്കന്‍ ഫൈനലിലെ എതിരാളികളായ കൊളംബിയയാണ് അര്‍ജന്റീനയെ പൂട്ടിയത്.

25ാം മിനിറ്റില്‍ യെര്‍സണ്‍ മൊസക്വീറയും 60ാം മിനിറ്റില്‍ ജെയിംസ് റൊഡ്രിഗസുമാണ് മുന്‍ ലാറ്റിന്‍ അമേരിക്കന്‍ ശക്തികള്‍ക്കായി സ്‌കോര്‍ ചെയ്തത്.മൊസക്വീറയുടെ ഗോളിന് വഴിയൊരുക്കിയതും മിന്നും ഫോമിലുള്ള റൊഡ്രിഗസ് തന്നെയായിരുന്നു. അര്‍ജന്റീനയ്ക്കായി 48ാം മിനിറ്റില്‍ നിക്കോളസ് ഗോണ്‍സലാസ് സ്‌കോര്‍ ചെയ്തിരുന്നു. പെനാല്‍റ്റിയിലൂടെയായിരുന്നു റൊഡ്രിഗസിന്റെ വിജയഗോള്‍. തോറ്റെങ്കിലും അര്‍ജന്റീന തന്നെയാണ് തെക്കേ അമേരിക്കന്‍ മേഖയില്‍ ഒന്നാമത്. എട്ട് മത്സരങ്ങളില്‍ 18 പോയിന്റാണ് അവര്‍ക്ക്. ഇത്രയും മത്സരങ്ങളില്‍ 16 പോയിന്റുള്ള കൊളംബിയ രണ്ടാം സ്ഥാനത്ത്. 15 പോയിന്റുള്ള ഉറുഗ്വെയാണ് മൂന്നാം സ്ഥാനത്ത്.

പരാഗ്വെയോട് ഏകപക്ഷീയമായ ഒരു ഗോളിനാണ് മഞ്ഞപ്പടയുടെ തോല്‍വി. ഡിഗോ ഗോമസാണ് 20ാം മിനിറ്റില്‍ പരാഗ്വെയ്ക്കായി സ്‌കോര്‍ ചെയ്തത്.പോയിന്റ് നിലയില്‍ ബ്രസീല്‍ അഞ്ചാം സ്ഥാനത്തും പരാഗ്വെ ഏഴാം സ്ഥാനത്തുമാണ്. പരാഗ്വെയ്ക്കെതിരെ ബ്രസീലിന് മുന്‍തൂക്കമുണ്ടായിരുന്നെങ്കിലും ഗോള്‍ നേടാന്‍ മാത്രം സാധിച്ചില്ല. ലോകകപ്പ് യോഗ്യതയില്‍ എട്ടില്‍ നാല് മത്സരങ്ങളും ബ്രസീല്‍ തോറ്റു. മൂന്ന് ജയം ഒരു സമനില. സൂപ്പര്‍ താരങ്ങളുണ്ടായിട്ടും പരിതാപകരമാണ് ബ്രസീലിന്റെ അവസ്ഥ.

മറ്റ് മല്‍സരങ്ങളില്‍ ബൊളീവിയ ചിലിയെ 2-1നും ഇക്വഡോര്‍ പെറുവിനെ 1-0ത്തിനും പരാജയപ്പെടുത്തി. കരുത്തരായ ഉറുഗ്വെയെ വെനിസ്വേല ഗോള്‍ രഹിത സമനിലയില്‍ പിടിച്ചുകെട്ടി.




Tags:    

Similar News