കോപ്പ; ഖത്തറിനെ തോല്‍പ്പിച്ച് കൊളംബിയ ക്വാര്‍ട്ടറില്‍

Update: 2019-06-20 06:15 GMT

സാവോപോളോ: കോപ്പയില്‍ ഗ്രൂപ്പ് ബിയില്‍ നിന്ന് കൊളംബിയ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഖത്തറിനെ 1-0ത്തിന് തോല്‍പ്പിച്ചാണ് കൊളംബിയയുടെ ക്വാര്‍ട്ടര്‍ പ്രവേശനം. ഈ വര്‍ഷത്തെ കോപ്പയുടെ ക്വാര്‍ട്ടറില്‍ പ്രവേശിക്കുന്ന ആദ്യ ടീമാണ് കൊളംബിയ. 86ാം മിനിറ്റില്‍ സുവാന്‍ സപ്പാറ്റ നേടിയ ഉഗ്രന്‍ ഗോളാണ് കൊളംബിയക്ക് ജയം സമ്മാനിച്ചത്. ഹാമസ് റൊഡ്രിഗസ് നല്‍കിയ പാസ്സാണ് സപ്പാറ്റ ഗോളാക്കിയത്.

ആദ്യ മല്‍സരത്തില്‍ പരാഗ്വെയെ 2-2 സമനിലയില്‍ പിടിച്ചുകെട്ടിയ ഏഷ്യന്‍ ചാംപ്യന്‍മാരായ ഖത്തറിന് കൊളംബിയക്കെതിരേ ആ പോരാട്ടം പുറത്തെടുക്കാനായില്ല. മല്‍സരത്തിന്റെ എല്ലാ മേഖലയിലും മികച്ച മുന്നേറ്റം നടത്തിയ കൊളംബിയക്ക് ആദ്യ പകുതിയില്‍ ഗോള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞില്ല. രണ്ടാം പകുതിയില്‍ കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിച്ച കൊളംബിയ 86ാം മിനിറ്റിലാണ് വിജയഗോള്‍ കണ്ടെത്തിയത്.

ആദ്യ കളിയില്‍ അര്‍ജന്റീനയെ കൊളംബിയ 2-0ത്തിന് തോല്‍പ്പിച്ചിരുന്നു. ഗ്രൂപ്പ് ബിയില്‍ അര്‍ജന്റീനയ്ക്കും ഖത്തറിനും ഓരോ തോല്‍വിയും ഓരോ സമനിലയുമാണുള്ളത്. പരാഗ്വെയ്ക്ക് രണ്ട് സമനിലയാണുള്ളത്. തിങ്കളാഴ്ച നടക്കുന്ന മല്‍സരത്തില്‍ ഖത്തര്‍ അര്‍ജന്റീനയെയും കൊളംബിയ പരാഗ്വെയെയും നേരിടും. പോയിന്റ് നിലയില്‍ പരാഗ്വെ രണ്ടാം സ്ഥാനത്താണ്. ഗോള്‍ ശരാശരി നോക്കുമ്പോള്‍ ഗ്രൂപ്പില്‍ ഖത്തര്‍ മൂന്നാം സ്ഥാനത്തും അര്‍ജന്റീന നാലാം സ്ഥാനത്തുമാണ്.

Tags:    

Similar News