ഐപിഎല്‍: ഡല്‍ഹി ഇന്ന് പഞ്ചാബിനെതിരേ; മാക്സ്വെല്‍ കളിക്കും; ഇഷാന്തിന് പരിക്ക്

ഇന്ത്യയുടെ ഭാവി ക്യാപ്റ്റന്‍മാര്‍ എന്നറിയപ്പെടുന്ന ശ്രേയസ് അയ്യരും കെഎല്‍ രാഹുലുമാണ് ഇന്ന് നേര്‍ക്ക് നേര്‍ വരുന്നത്.

Update: 2020-09-20 11:36 GMT

ദുബയ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ രണ്ടാമത്തെ മല്‍സരത്തില്‍ ഇന്ന് കിങ്സ് ഇലവന്‍ പഞ്ചാബ് ഡല്‍ഹി ക്യാപ്റ്റന്‍സിനെ നേരിടും. ഇന്ത്യയുടെ ഭാവി ക്യാപ്റ്റന്‍മാര്‍ എന്നറിയപ്പെടുന്ന ശ്രേയസ് അയ്യരും കെഎല്‍ രാഹുലുമാണ് ഇന്ന് നേര്‍ക്ക് നേര്‍ വരുന്നത്. പഞ്ചാബിനെ നയിക്കുന്ന ക്യാപ്റ്റന്‍ രാഹുല്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ഓസിസ് ഓള്‍ റൗണ്ടര്‍ ഗ്ലെന്‍ മാക്സ് വെല്‍ ഇന്ന് പഞ്ചാബിനായി കളിക്കും. രണ്ട് ദിവസം മുമ്പാണ് താരം ദുബയിലെത്തിയത്. അനില്‍ കുംബ്ലെയാണ് പഞ്ചാബ് ടീമിന്റെ കോച്ച്. മുജീബ് ഉര്‍ റഹ്മാന്‍, നിക്കോളാസ് പൂരന്‍, ഷെല്‍ഡണ്‍ കോട്രല്‍, ക്രിസ് ഗെയ്ല്‍, മായങ്ക് അഗര്‍വാള്‍ എന്നിവരടങ്ങുന്ന വന്‍ താരനിര തന്നെയാണ് പഞ്ചാബിന്റെ പ്രതീക്ഷ.

ഇതിഹാസ താരം റിക്കി പോണ്ടിങ് പരിശീലിപ്പിക്കുന്ന ഡല്‍ഹി ക്യാപ്റ്റില്‍സും ഒരു പിടി മികച്ച താരങ്ങളുമായാണ് വരവ്. ശിഖര്‍ ധവാന്‍, പൃഥ്വി ഷാ, ഷിംറോണ്‍ ഹെറ്റ്മേയര്‍, അജിന്‍ക്യ രഹാനെ, റിഷഭ് പന്ത് എന്നിവരാണ് ഡല്‍ഹിയുടെ ബാറ്റിങ് പ്രതീക്ഷ. റബാദ അമിത് മിശ്ര, ഹര്‍ഷല്‍ പട്ടേല്‍ എന്നിവരാണ് ബൗളിങ് പ്രതീക്ഷ. അതിനിടെ പരിശീലനത്തിനിടെ പരിക്കേറ്റ ഇഷാന്ത് ശര്‍മ്മ ഇന്ന് കളിക്കില്ല. താരത്തിന്റെ പുറംഭാഗത്താണ് പരിക്കേറ്റത്. ഫാസ്റ്റ് ബൗളര്‍ ഇഷാന്തിന്റെ പരിക്ക് ടീമിന് തിരിച്ചടിയാണ്. ഇരു ടീമും 24 തവണ നേര്‍ക്കുനേര്‍ വന്നപ്പോള്‍ 14 തവണ പഞ്ചാബും 10 തവണ ഡല്‍ഹിയും വിജയിച്ചിട്ടുണ്ട്. രാത്രി 7.30 നാണ് മല്‍സരം.

Similar News