ഒടുവില്‍ ഖേല്‍രത്‌ന; മനു ഭാക്കര്‍ ഉള്‍പ്പടെ 4 പേര്‍ക്ക് ഖേല്‍രത്‌ന, സജന്‍ പ്രകാശിന് അര്‍ജുന അവാര്‍ഡ്

സജന്‍ പ്രകാശ് ഉള്‍പ്പെടെ 32 പേര്‍ക്ക് അര്‍ജുന അവാര്‍ഡും നല്‍കും

Update: 2025-01-02 10:21 GMT

ന്യൂഡല്‍ഹി: ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഒളിമ്പിക്‌സ് മെഡല്‍ ജേതാവ് മനു ഭാക്കര്‍ ഉള്‍പ്പെടെ 4 പേര്‍ക്ക് പരമോന്നത കായിക പുരസ്‌കാരമായ ഖേല്‍രത്‌നയും മലയാളി നീന്തല്‍ താരം സജന്‍ പ്രകാശ് ഉള്‍പ്പെടെ 32 പേര്‍ക്ക് അര്‍ജുന അവാര്‍ഡും നല്‍കും. ഹോക്കി താരം ഹര്‍മന്‍പ്രീത് സിങ്, പാരാലിംപിക്‌സ് താരം പ്രവീണ്‍ കുമാര്‍, ചെസ് താരം ഡി ഗുകേഷ് എന്നിവരാണ് മനു ഭാക്കറിനെ കൂടാതെ ഖേല്‍രത്‌ന പുരസ്‌കാരത്തിന് അര്‍ഹരായവര്‍.

മനു ഭാക്കറെ ഖേല്‍രത്‌നയ്ക്കുള്ള ശുപാര്‍ശയില്‍ ഉള്‍പ്പെടുത്താത്തത് ഏറെ വിവാദമായിരുന്നു. മനു ഭാക്കറിനെ ഷൂട്ടിങ് രംഗത്തേക്ക് കൊണ്ടുവന്നതില്‍ താനിപ്പോള്‍ പശ്ചാത്തപിക്കുന്നുവെന്ന് താരത്തിന്റെ പിതാവ് രാം കിഷനും പറഞ്ഞിരുന്നു. ഖേല്‍ രത്ന പുരസ്‌കാരത്തിന് മനു ഭാക്കറിനെ പരിഗണിക്കാത്തത് വിവാദമായ പശ്ചാത്തലത്തിലായിരുന്നു പിതാവിന്റെ പ്രതികരണം.വ്യാപകമായ രീതിയില്‍ വിമര്‍ശനങ്ങള്‍ നേരിട്ടതിനേ തുടര്‍ന്ന് ഒടുവില്‍ പുരസ്‌കാരം നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. ജനുവരി 17ന് രാഷ്ട്രപതി ഭവനില്‍ വച്ചു നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ നല്‍കും.

മനു ഭാക്കറാണ് പാരീസില്‍ ഇന്ത്യയ്ക്കായി ആദ്യ മെഡല്‍ നേടിയത്. വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ഭാക്കര്‍ വെങ്കലം നേടി. പിന്നാലെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്‌സഡ് ഇനത്തില്‍ മനു ഭാക്കര്‍-സരബ്‌ജോത് സിങ് സഖ്യം വെങ്കലം നേടി. പാരീസ് ഒളിംപിക്‌സില്‍ ഇന്ത്യ ആറ് മെഡലുകളാണ് നേടിയത്. ഒരു വെള്ളിയും അഞ്ച് വെങ്കലവുമായിരുന്നു നേട്ടം.

Tags:    

Similar News