ഏഷ്യന്‍ ഷോട്ട്ഗണ്‍ ചാംപ്യന്‍ഷിപ്പ് സ്‌കീറ്റിലും മിക്‌സഡിലും ഇന്ത്യക്ക് റെക്കോഡോടെ സ്വര്‍ണം

പുരുഷന്മാരുടെ സ്‌കീറ്റ് ഇനത്തില്‍ ചൈനയുടെ ഡി ജിന്നിനെയാണ് അംഗത് തോല്‍പ്പിച്ചത്. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ താരം സ്‌കീറ്റ് ഇനത്തില്‍ ഏതെങ്കിലും ഒരു ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്നത്.

Update: 2018-11-08 10:13 GMT

കുവൈത്ത് സിറ്റി: കുവൈത്തില്‍ നടക്കുന്ന 11ാമത് ഏഷ്യന്‍ ഷോട്ട്ഗണ്‍ ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരം അംഗത് വീര്‍ സിങ് ബജ്വ ലോക റെക്കോഡോടെ സ്വര്‍ണം നേടി. പുരുഷന്മാരുടെ സ്‌കീറ്റ് ഇനത്തില്‍ ചൈനയുടെ ഡി ജിന്നിനെയാണ് അംഗത് തോല്‍പ്പിച്ചത്. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ താരം സ്‌കീറ്റ് ഇനത്തില്‍ ഏതെങ്കിലും ഒരു ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്നത്.

ഫൈനല്‍ റൗണ്ടിലെ 60ല്‍ 60 ഉം അംഗത് വെടിവെച്ചു. ശക്തമായ പോരാട്ടം കാഴ്ചവച്ച ചൈനീസ് താരം 58 പോയന്റുകള്‍ സ്വന്തമാക്കിയിരുന്നു. 46 പോയന്റുകള്‍ നേടിയ യുഎഇയുടെ സയീദ് അല്‍ മഖ്തൂമിനാണ് വെങ്കലം. ക്വാളിഫൈയിങ് റൗണ്ടില്‍ 125ല്‍ 124 പോയന്റുകളുമായി ഒന്നാമതെത്തിയത് ചൈനീസ് താരമായിരുന്നു. അംഗതിന് 121 പോയന്റുകളാണ് ലഭിച്ചത്.

മിക്‌സഡ് വിഭാഗത്തിലും ഇന്ത്യന്‍ താരങ്ങള്‍ റെക്കോഡോടെ സ്വര്‍ണം നേടിയിട്ടുണ്ട്. ജൂനിയര്‍ വിഭാഗം 10 മീറ്റര്‍ മിക്‌സഡ് റൈഫിളില്‍ ഇളവെനില്‍ വാളറിവനും ഹൃദ്യ ഹസാരികയുമാണ് സ്വര്‍ണം നേടിയത്. 502.1 പോയിന്റുകള്‍ക്ക് ചൈനയുടെ ഷി മെന്‍ഖ്യോ-വാങ് യൂഫെങ് സഖ്യത്തെ(500.9 പോയിന്റ്) രണ്ടാംസ്ഥാനത്താക്കിയായിരുന്നു ഇന്ത്യന്‍ താരങ്ങളുടെ കുതിപ്പ്. ഇന്ത്യയുടെ തന്നെ മെഹുലി ഘോഷ്, അര്‍ജുന്‍ ബാബുട്ട സഖ്യം(436.9 പോയിന്റ്) ഈയിനത്തില്‍ വെങ്കലം നേടി. ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യ ഇതുവരെ രണ്ടു സ്വര്‍ണവും മൂന്നു വെള്ളിയും രണ്ട് വെങ്കലവും നേടിയിട്ടുണ്ട്.




Tags:    

Similar News