ന്യൂയോര്‍ക്ക്: മുന്‍ മിസ്റ്റര്‍ യൂനിവേഴ്‌സ് കാലം വോണ്‍ മോഗറിന് രണ്ടാം നിലയിലെ ജനലില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റു. നട്ടെല്ലിന് ഗുരുതരമായ ക്ഷതമേറ്റതിനെ തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായതായും ജീവന് വേണ്ടി മല്ലിട്ടുകൊണ്ടിരിക്കുകയാണെന്നും ന്യൂയോര്‍ക്ക് പോസ്റ്റ് റിപോര്‍ട്ട് ചെയ്തു. അദ്ദേഹം ഇപ്പോഴും കോമയിലാണ്. 2018ല്‍ പുറത്തിറങ്ങിയ 'ബിഗ്ഗര്‍' എന്ന ചിത്രത്തിലെ അര്‍നോള്‍ഡ് ഷ്വാസ്‌നെഗര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിലൂടെയാണ് വോണ്‍ മോഗര്‍ അറിയപ്പെടുന്നത്.
വീഴുന്ന സമയത്ത് മോഗര്‍ മയക്കുമരുന്നിന്റെ ലഹരിയിലായിരുന്നുവെന്ന് കൂട്ടുകാരനും ബോഡി ബില്‍ഡറും യൂ ട്യൂബറുമായ നിക്ക് ട്രിഗില്ലി പറഞ്ഞതായും ന്യൂയോര്‍ക്ക് പോസ്റ്റ് റിപോര്‍ട്ട് ചെയ്യുന്നു. ഇന്‍സ്റ്റഗ്രാമില്‍ മൂന്ന് ദശലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള ആസ്‌ത്രേലിയന്‍ താരമാണ് മോഗര്‍. വീഴ്ചയില്‍ ഗ്ലാസ് പൊട്ടി ഗുരുതരമായി മുറിവേറ്റു. നടന് ഗ്ലാസില്‍ നിന്ന് ധാരാളം മുറിവുകള്‍ സംഭവിച്ചതായി റിപോര്‍ട്ട് പറയുന്നു. കഴിഞ്ഞയാഴ്ചയാണ് അദ്ദേഹം തന്റെ 31ാം ജന്‍മദിനം ആഘോഷിച്ചത്. ജന്‍മദിനത്തില്‍ അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പ് ചര്‍ച്ചയായിരുന്നു.
'ഭൂതകാലത്തിലെ നിഷേധാത്മക ചിന്തകളില്‍ മുഴുകുന്നത് ഞാന്‍ കാര്യമാക്കുന്നില്ല. എന്റെ തെറ്റുകളില്‍ നിന്ന് പാഠം പഠിക്കുകയും മികച്ച വ്യക്തിയാകുകയും ചെയ്യുക എന്നതിലാണ് ഞാന്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത്. എന്റെ ജീവിതത്തില്‍ ഞാന്‍ ചെയ്ത പോസിറ്റീവ് നേട്ടങ്ങള്‍ എന്റെ ചങ്കൂറ്റങ്ങളെക്കാള്‍ വളരെ വലുതാണ്. അത് വഴിയിലുടനീളമുണ്ടായിരുന്നു. എനിക്ക് ചോദിക്കാനാവുന്നത് നിങ്ങളുടെ ക്ഷമയാണ്, അതിനാല്‍ എനിക്ക് വീണ്ടും ശരിയായ പാതയില്‍ മുന്നോട്ടുപോകാനാവും-ര്‍ വോണ്‍ മോഗര്‍ പോസ്റ്റില്‍ തുടര്‍ന്നു.
മോശം പെരുമാറ്റത്തെ തുടര്‍ന്ന് മോഗറെ വീട്ടില്‍ നിന്ന് പുറത്താക്കിയിരുന്നു. റോഡില്‍ പ്രശ്‌നമുണ്ടാക്കിയതിനും നിയമവിരുദ്ധമായി ആയുധം കൈവശം വെച്ചതിനും ഇദ്ദേഹത്തിനെതിരേ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. മോഗര്‍ ജീവിതത്തിലേക്ക് എത്രയും വേഗത്തില്‍ തിരിച്ചുവരാനായി പ്രാര്‍ഥിക്കുകയാണെന്ന് അദ്ദേഹത്തിന്റെ ആരാധകര്‍ സോഷ്യല്‍മീഡിയയില്‍ വ്യക്തമാക്കി. മനുഷ്യാ നിനക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നു. ഫിറ്റ്‌നസിനുള്ള എന്റെ ആദ്യപ്രചോദനം നിങ്ങളായിരുന്നു, ഈ പ്രയാസകരമായ സമയം നിങ്ങള്‍ കടന്നുപോവുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു- ഒരു ഉപയോക്താവ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു.