ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടറിന് ഇന്ന് തുടക്കം; സിറ്റിക്ക് എതിരാളി അത്‌ലറ്റിക്കോ
സോണി ലൈവിലും സോണി നെറ്റ്വര്‍ക്കിലും മല്‍സരങ്ങള്‍ കാണാം.
ഇത്തിഹാദില്‍ ഇന്ന് ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ പെപ്പ് ഗ്വാര്‍ഡിയോളയുടെ മാഞ്ചസ്റ്റര്‍ സിറ്റിയും സിമിയോണിയുടെ അത്‌ലറ്റിക്കോ മാഡ്രിഡും നേര്‍ക്ക് നേര്‍ വരുന്നു. ക്വാര്‍ട്ടര്‍ ആദ്യ പാദമാണ് ഇന്ന് രാത്രി 12.30ന് നടക്കുന്നത്. പ്രീക്വാര്‍ട്ടറില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ പരാജയപ്പെടുത്തിയാണ് അത്‌ലറ്റിക്കോ ക്വാര്‍ട്ടറില്‍ കടന്നത്. പ്രീക്വാര്‍ട്ടറില്‍ സ്‌പോര്‍ട്ടിങ് ലിസ്ബണെ വീഴ്ത്തിയാണ് സിറ്റിയുടെ വരവ്. സ്പാനിഷ് ലീഗില്‍ സൂപ്പര്‍ ഫോമിലാണ് അത്‌ലറ്റിക്കോ. ജാവോ ഫ്‌ളിക്‌സ്, ലൂയിസ് സുവാരസ് എന്നിവര്‍ തന്നെയാണ് ടീമിന്റെ കരുത്ത്.
നിരവധി കിരീടങ്ങള്‍ അക്കൗണ്ടിലുള്ള സിറ്റിക്ക് ചാംപ്യന്‍സ് ലീഗ് കിട്ടാക്കനിയാണ്. കഴിഞ്ഞ തവണ ചെല്‍സിയോട് ഫൈനലില്‍ പരാജയപ്പെട്ട് കിരീടം നഷ്ടമായിരുന്നു. നിലവിലെ പ്രീമിയര്‍ ലീഗ് ജേതാക്കള്‍ ഇത്തവണയും കിരീട പോരാട്ടത്തില്‍ മുന്നിലാണ്. ഡബിള്‍ കിരീടമാണ് പെപ്പിന്റെ ലക്ഷ്യം. സോണി ലൈവിലും സോണി നെറ്റ്വര്‍ക്കിലും മല്‍സരങ്ങള്‍ കാണാം. സിറ്റി നിരയില്‍ റൂബന്‍ ഡയസ്സും വാല്‍ക്കറും പുറത്താണ്.
ഇന്ന് നടക്കുന്ന മറ്റൊരു ക്വാര്‍ട്ടറില്‍ ലിവര്‍പൂള്‍ ബെന്‍ഫിക്കയെ നേരിടും. പ്രീക്വാര്‍ട്ടറില്‍ ഇന്റര്‍മിലാനെ 2-1ന് പരാജയപ്പെടുത്തിയാണ് ലിവര്‍പൂളിന്റെ വരവ്. കരുത്തരായ അയാകസിനെ മറികടന്നാണ് പോര്‍ച്ചുഗല്‍ ക്ലബ്ബായ ബെന്‍ഫിക്കയുടെ ക്വാര്‍ട്ടര്‍ പ്രവേശനം. ഏത് ടീമിനെയും അട്ടിമറിക്കാനുള്ള കരുത്ത് ബെന്‍ഫിക്കയ്ക്ക് ഉണ്ട്. മല്‍സരം പോര്‍ച്ചുഗലില്‍ ആണ് നടക്കുക. ലിവര്‍പൂള്‍ ആവട്ടെ തകര്‍പ്പന്‍ ഫോമിലാണ്. കഴിഞ്ഞ 17 മല്‍സരങ്ങളില്‍ ഒരു ജയം മാത്രമാണ് ടീം കൈവിട്ടത്.