ഗാംഗുലി ഐസിസിയിലേക്കില്ല; സ്ഥാനാര്‍ത്ഥിയുടെ പേര് പുറത്ത് വിടാതെ ബിസിസിഐ

Update: 2022-10-24 13:45 GMT



 




മുംബൈ: ഐസിസി ചെയര്‍മാന്‍ സ്ഥാനത്തേക്ക് സൗരവ് ഗാംഗുലി മല്‍സരിക്കില്ല. നേരത്തെ ബിസിസിഐ പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും മല്‍സരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച ഗാംഗുലിയെ ബോര്‍ഡ് തഴഞ്ഞിരുന്നു. ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ തലപ്പത്തേക്ക് ഗാംഗുലിയെ പരിഗണിക്കുന്നു എന്ന കാര്യം ചൂണ്ടികാട്ടിയിരുന്നു ഗാംഗുലിയെ തഴഞ്ഞത്.എന്നാല്‍ അടുത്തിടെ നടന്ന വാര്‍ഷിക സമ്മേളനത്തില്‍ ഇക്കാര്യം ചര്‍ച്ചയ്ക്ക് വന്നില്ല.


നിലവില്‍ ഇന്ത്യയില്‍ നിന്ന് ഐസിസി മേധാവിയുടെ സ്ഥാനത്തേക്ക് ബിസിസിഐ ഒരാളെ പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഈ വ്യക്തിയുടെ പേര് ബിസിസിഐ പുറത്ത് വിട്ടിട്ടില്ല. നവംബര്‍ 11നാണ് ഐസിസി തിരഞ്ഞെടുപ്പ്. നിലവിലെ ചെയര്‍മാന്‍ ഗ്രേഗ് ബര്‍ക്ലേ വീണ്ടും മല്‍സരിക്കുന്നുണ്ട്. ഇദ്ദേഹത്തിന് എതിരായാണ് ബിസിസിഐ സ്ഥാനാര്‍ത്ഥിയെ ഇറക്കുന്നത്. എന്‍ ശ്രീനിവാസന്‍, ശശാങ്ക് മനോഹര്‍, അനുരാഗ് ഠാക്കൂര്‍, നിരഞ്ജന്‍ ഷാ, ശരത് പവാര്‍ എന്നിവരില്‍ ഒരാളാവും ബിസിസിഐയുടെ ഐസിസി ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥി.


സൗരവ് ഗാംഗുലി ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ഗാംഗുലിയുടെ സഹോദരന്‍ തല്‍സ്ഥാനത്തേക്ക് മല്‍സരിക്കുകയും വിജയിക്കുകയും ചെയ്തു.





Tags:    

Similar News