ലിവര്‍പൂള്‍ റാഞ്ചാനൊരുങ്ങുന്ന പോര്‍ട്ടോയുടെ ലൂയിസ് ഡയസ് അവര്‍ക്കെതിരേ

ക്ലബ്ബിന്റെ ചാംപ്യന്‍സ് ലീഗ് കുതിപ്പിന് ലൂയിസ് ഡയസ്സ് ബ്ലോക്കിടുമോ എന്ന് കണ്ടറിയാം.

Update: 2021-11-24 09:42 GMT


ആന്‍ഫീല്‍ഡ്: ചാംപ്യന്‍സ് ലീഗില്‍ ഇന്ന് നടക്കുന്ന എഫ് സി പോര്‍ട്ടോയ്‌ക്കെതിരായ മല്‍സരത്തില്‍ ലിവര്‍പൂള്‍ ആരാധകരുടെ കണ്ണ് മുഴുവനും ലൂയിസ് ഡയസ്സിലായിരിക്കും. 24കാരനായ പോര്‍ട്ടോയുടെ കൊളംബിയന്‍ താരത്തെ ജനുവരി ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ക്ലബ്ബിലെത്തിക്കാനാണ് ചെമ്പടയുടെ ലക്ഷ്യം. ഇന്ന് എഫ് സിപോര്‍ട്ടോയ്ക്ക് ചാംപ്യന്‍സ് ലീഗിലെ നിലനില്‍പ്പിന് ജയം അനിവാര്യമാണ്. ആന്‍ഫീല്‍ഡില്‍ ലിവര്‍പൂളിന് വീഴ്ത്തുക ദുഷ്‌കരവുമാണ്. ചാംപ്യന്‍സ് ലീഗില്‍ നാലില്‍ നാല് ജയവുമായി അവര്‍ ഒന്നാം സ്ഥാനത്താണ്. നേരത്തെ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചതുമാണ്.


ഗ്രൂപ്പ് ബിയില്‍ അഞ്ച് പോയിന്റുമായാണ് എഫ് സി പോര്‍ട്ടോ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത്. ഈ സീസണില്‍ ചാംപ്യന്‍സ് ലീഗ്-പോര്‍ച്ചുഗല്‍ പ്രൈമിറാ ലീഗ് എന്നിവയില്‍ നിന്ന് 15 ഗോളുകള്‍ ഡയസ്സ് നേടിയിട്ടുണ്ട്. 11 മല്‍സരങ്ങളില്‍ നിന്നാണ് താരത്തിന്റെ നേട്ടം. 65 മില്ല്യണ് താരത്തെ ടീമിലെത്തിക്കാനാണ് ക്ലോപ്പിന്റെ ടീമിന്റെ ലക്ഷ്യം. ഓഫറിന് ലൂയിസ് ഡയസ്സ് സമ്മതം മൂളിയെന്നാണ് റിപ്പോര്‍ട്ട്. ഭാവിയില്‍ താന്‍ ചേക്കേറാനിരിക്കുന്ന ക്ലബ്ബിന്റെ കുതിപ്പിന് ചാംപ്യന്‍സ് ലീഗ് കുതിപ്പിന് ലൂയിസ് ഡയസ്സ് ബ്ലോക്കിടുമോ എന്ന് കണ്ടറിയാം.രാത്രി 1.30നാണ് മല്‍സരം.


ഇതേ ഗ്രൂപ്പില്‍ നടക്കുന്ന മറ്റൊരു മല്‍സരത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് എ സി മിലാനെ നേരിടും. നാല് പോയിന്റുള്ള അത്‌ലറ്റിക്കോ മിലാനെ വീഴത്തി രണ്ടാം സ്ഥാനത്തെത്താനാണ് ലക്ഷ്യമിടുന്നത്.




Tags:    

Similar News